11 June, 2020 12:39:09 PM
പലഹാരമെന്ന് കരുതി പടക്കം കടിച്ച കുട്ടിക്ക് ദാരുണാന്ത്യം; മൂന്നുപേർ പിടിയിൽ
മധുര: പലഹാരമാണെന്ന് കരുതിയ പടക്കം കടിച്ച ആറുവയസുകാരന് ദാരുണാന്ത്യം. തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളി അളഗരൈ ഗ്രാമത്തിലാണ് സംഭവം. മീന്‍പിടിക്കുന്നതിന് പ്രാദേശികമായി നിര്‍മ്മിച്ച പടക്കമാണ് പലഹാരമാണെന്ന് കരുതി കുട്ടി കടിച്ചത്. അളഗരൈ സ്വദേശിയായ ഭൂപതി എന്നയാളുടെ മകനാണ് മരിച്ചത്.
ഭൂപതിയുടെ കൂട്ടുകാരായ മൂന്നുപേര്‍ ചേര്‍ന്ന് കാവേരി നദിയില്‍ നിന്ന് മീന്‍പിടിക്കുവാനായി കൊണ്ടുവന്ന പടക്കമാണ് കുട്ടി എടുത്ത് കടിച്ചത്. മീൻ പിടിക്കാൻ ഉപയോഗിച്ചശേഷം ബാക്കിവന്ന പടക്കം വീടിന്‍റെ പിൻവശത്തെ ചായ്പ്പിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. കളിക്കുന്നതിനിടെ പടക്കം സൂക്ഷിച്ച പൊതി ശ്രദ്ധയിൽപ്പെട്ട കുട്ടി അതെടുത്ത് കടിക്കുകയായിരുന്നു. ഉടൻ പടക്കം പൊട്ടിത്തെറിക്കുകയും കുട്ടിയുടെ വായ് തകരുകയുമായിരുന്നു. സംഭവസ്ഥലത്തുവെച്ച് തന്നെ കുട്ടി മരിച്ചു.
സംഭവം പുറത്തറിയാതിരിക്കാൻ അധികം ആളുകളെ അറിയിക്കാതെ കുട്ടിയുടെ അച്ഛനും സുഹൃത്തുക്കളും ചേർന്ന് സംസ്ക്കാരം നടത്തി. എന്നാൽ സമീപവാസികളിൽനിന്ന് വിവരമറിഞ്ഞ് എത്തിയ പൊലീസ് ഭൂപതിയുടെ മൂന്നു സുഹൃത്തുക്കളെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. ചോദ്യംചെയ്യലിൽ പ്രതികൾ കുറ്റം സമ്മതിച്ചു.
സംഭവത്തെ കുറിച്ചു കൂടുതൽ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു. പ്രതികൾക്ക് സ്ഫോടക വസ്തുക്കള്‍ എങ്ങനെ ലഭിക്കുന്നു എന്നതിനെകുറിച്ചും അന്വേഷിക്കുമെന്ന് പൊലീസ് വ്യക്തമാക്കി. പ്രതികളെ മജിസ്ട്രേറ്റിനുമുന്നിൽ ഹാജരാക്കിയശേഷം കസ്റ്റഡിയിൽ വാങ്ങിയ പൊലീസ് ചോദ്യം ചെയ്യൽ തുടരുകയാണ്. സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി.