07 June, 2020 02:32:18 PM
ലോക്ഡൗൺ ഇളവ്: ഗോവയിലെ ക്രൈസ്തവ ദേവാലയങ്ങളും മോസ്കുകളും ഉടൻ തുറക്കില്ല
പനജി: ഗോവയിലെ ക്രൈസ്തവ ദേവാലയങ്ങളും മോസ്കുകളും ഉടൻ തുറക്കില്ല. ലോക്ക്ഡൗണിൽ ഇളവുനൽകി ആരാധനാലയങ്ങൾ തുറക്കാൻ സർക്കാർ അനുമതി നൽകിയെങ്കിലും ഉടൻ തുറക്കേണ്ടതില്ല എന്നാണ് അധികാരികൾ തീരുമാനിച്ചത്. ക്ഷേത്രങ്ങൾ വിശ്വാസികൾക്കായി തുറന്നുനൽകണോ എന്ന കാര്യത്തിൽ ടെംപിൾ കമ്മിറ്റികൾ തീരുമാനം കൈക്കൊണ്ടിട്ടില്ലെന്ന് പിടിഐ റിപ്പോർട്ട് ചെയ്യുന്നു.
ഗോവയിലെ ആരാധനാലയങ്ങൾ തിങ്കളാഴ്ച മുതൽ തുറക്കാൻ മുഖ്യമന്ത്രി പ്രമോദ് സാവന്ത് അനുമതി നൽകിയിരുന്നു. നിയന്ത്രണങ്ങളോടെയാണ് തുറക്കൽ. ആളുകൾ കൂടുന്നത് ഒഴിവാക്കണമെന്നും നിർദേശം നൽകിയിട്ടുണ്ട്. ഗോവയിൽ ഇതുവരെ 267 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതിൽ 202 കേസുകളും ആക്ടീവ് കേസുകളാണ്.