03 June, 2020 02:28:10 PM


നിസര്‍ഗ കരതൊട്ടു: അകമ്പടിയായി പേമാരിയും കടല്‍ക്ഷോഭവും; മുംബൈ വിറയ്ക്കുന്നു



മുംബൈ: അറബിക്കടലിൽ രൂപം കൊണ്ട ന്യുനമർദ്ദം നിസർഗ ചുഴലിക്കാറ്റായി മഹാരാഷ്ട്ര തീരത്തെത്തി. ഉച്ചകഴിഞ്ഞ് ഒരു മണിക്കുശേഷമാണ് കാറ്റ് കരയിൽ എത്തിയത്. ഒരു മണിക്കൂറിനുള്ളില്‍ ചുഴലിക്കാറ്റ് ഏതാണ്ട് പൂര്‍ണ്ണമായും കരയില്‍ കയറി. വടക്കൻ മഹാരാഷ്ട്രയിലെ അലിബാഗിലാണ് കാറ്റ് എത്തിയത്. 70 കിലോമീറ്റര്‍ ​​വേഗതയിലാണ് കാറ്റ് നിലവില്‍ വീശുന്നത്. ദക്ഷിണ അലിബാഗിലെ ഹരിഹരേശ്വറിനും ദമാനും മധ്യേയാണ് കാറ്റ് എത്തിയത്. അടുത്ത മൂന്നു മണിക്കൂർ മുംബൈ, താനെ നഗരങ്ങളിൽ കാറ്റ് ആഞ്ഞുവീശും.


അലിബാഗിൽ വലിയ തിരമാലകൾ ഉയരുന്നുണ്ട്. മണിക്കൂറിൽ 120-140 കിലോമീറ്റർ വേഗതയിൽ കാറ്റ് എത്തുമെന്നാണ് സൂചന. മഹാരാഷ്ട്രയ്ക്ക് പുറമേ ഗുജറാത്ത് അടക്കമുള്ള തീരദേശ സംസ്ഥാനങ്ങളിലും കാറ്റിന്റെ അനന്തരഫലമുണ്ടാകും. അടിയന്തര സാഹചര്യം പരിഗണിച്ച് തീരസംരക്ഷണ സേന എട്ട് ദുരന്ത നിവാരണ സംഘങ്ങളെ മഹാരാഷ്ട്രയിലേക്ക് അയച്ചുകഴിഞ്ഞു. കാറ്റ് ഏറ്റവും ദോഷം ചെയ്യുക മുംബൈയിലായിരിക്കും. കാറ്റ് കടന്നുപോകുന്ന മേഖലകളിലെ 40,000 ഓളം പേരെ ഇതിനകം മാറ്റിപ്പാർപ്പിച്ചുകഴിഞ്ഞു.



മൃഗശാലകളിൽ മരങ്ങൾ വീണ് ദുരന്തമുണ്ടാകാൻ സാധ്യതയുള്ളതിനാൽ മൃഗങ്ങളെയും സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയതായി ബിർഹാൻമുംബൈ മുൻസിപ്പൽ കോർപറേഷൻ വ്യക്തമാക്കി. എൻ.ഡി.ആർ.എഫ് സംഘവും മുംബൈയിൽ എത്തിയിട്ടുണ്ട്. സൂറത്തിലെ സുവാലി ബീച്ച്, വെർസോവ ബീച്ച്, ഗുജറാത്ത് വൽസാദിലെ ഉമർഗം എന്നിവിടങ്ങളിൽ സേന എല്ലാ ഒരുക്കങ്ങളും നടത്തിയിട്ടുണ്ട്. നിസർഗ കടന്നുപോകുന്ന മേഖലകളിലെ വൈദ്യുതി ബന്ധം വിചേഛദിച്ചു. രാത്രി 11.30ന് ശേഷം ഇവ പുനഃസ്ഥാപിക്കുമെന്നും അധികൃതർ വ്യക്തമാക്കി. കാറ്റ് ശക്തിപ്രാപിച്ചതോടെ മഹാരാഷ്ട്രയിലെ റായ്ഗഡിൽ നിരവധി മരങ്ങൾ ഇതിനകം തന്നെ നിലംപതിച്ചുകഴിഞ്ഞു. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K