29 May, 2020 05:06:06 PM
കോവിഡ് പരിശോധനാ സാമ്പിളുകളുമായി കുരങ്ങന്മാർ മുങ്ങി; നാട്ടുകാർ ആശങ്കയിൽ
മീററ്റ്: കോവിഡ് സംശയിക്കുന്നവരിൽ നിന്ന് ശേഖരിച്ച സാമ്പിളുകളുമായി പോയ ലാബ് ടെക്നീഷ്യനെ ആക്രമിച്ച് കുരങ്ങുകൂട്ടം സാമ്പിളുകള്‍ തട്ടിയെടുത്തു. ഉത്തർപ്രദേശിലെ മീററ്റിലാണ് സംഭവം. തട്ടിയെടുത്ത സാമ്പിളുകളുമായി കുരങ്ങന്മാർ സ്ഥലം വിടുകയായിരുന്നു. മീററ്റ് മെഡിക്കൽ കോളജ് വളപ്പിലാണ് സംഭവം. കൊറോണ വൈറസ് ബാധ സംശയിക്കുന്ന മൂന്നുപേരിൽ നിന്ന് ശേഖരിച്ച സാമ്പിളുകളാണ് പരിശോധിക്കുന്നതിന് മുൻപ് തന്നെ ലാബ് ടെക്നീഷ്യനെ ആക്രമിച്ചശേഷം വാനരസംഘം തട്ടിയെടുത്തത്. സാമ്പിളുകൾ വീണ്ടും എടുക്കേണ്ടിവന്നു.
ടെക്നീഷ്യനെ ആക്രമിച്ച് സാമ്പിളുകളുമയി കടന്ന കുരങ്ങന്മൻമാരെ ഒരു വലിയ മരത്തിന് മുകളിൽ കണ്ടെത്തി. അവിടെയിരുന്നു കിറ്റുകൾ കടിക്കുകയായിരുന്നു കുരങ്ങന്മാർ. ഇതിന്‍റെ കുറച്ചുഭാഗം മരത്തിന് താഴെ തറയിലും കിടക്കുന്നുണ്ട്. സംഭവത്തെ കുറിച്ച് അന്വേഷിക്കുമെന്ന് മീററ്റ് ജില്ലാ മജിസ്ട്രേറ്റ് അനിൽ ധിങ്ക്ര അറിയിച്ചു. സമീപത്തെ ജനവാസ മേഖലകളിലേക്ക് എത്താറുള്ള കുരങ്ങന്മാരിൽ നിന്ന് രോഗം പകരുമോ എന്ന ആശങ്കയിലാണ് നാട്ടുകാർ. കുരങ്ങന്മാർ സ്വന്തമാക്കിയ സാമ്പിളുകളിൽ ഏതിലെങ്കിലും കൊറോണ വൈറസ് ബാധയുണ്ടെങ്കിൽ രോഗം കുരങ്ങന്മാരിലേക്കും പകരും. അങ്ങനെ സംഭവിച്ചാൽ അതു കനത്ത വെല്ലുവിളി ഉയർത്തും.