28 May, 2020 02:28:24 AM
നാട്ടിലേക്ക് മടങ്ങിയ കുടിയേറ്റ തൊഴിലാളികൾ ശ്രമിക് ട്രെയിനിൽ മരിച്ച നിലയിൽ
വാരാണസി: മഹാരാഷ്ട്രയിൽനിന്നും ഉത്തർപ്രദേശിലെത്തിയ ശ്രമിക് ട്രെയിനിൽ രണ്ട് കുടിയേറ്റ തൊഴിലാളികൾ മരിച്ച നിലയിൽ. മുംബൈയിൽനിന്നും വാരാണസിയിലെത്തിയ ട്രെയിനിലാണ് തൊഴിലാളികളുടെ മൃതദേഹം കണ്ടെത്തിയത്. രണ്ട് കംപാർട്ട്മെന്റുകളിലാണ് ബുധനാഴ്ച രാവിലെ മൃതദേഹം കണ്ടെത്തിയത്. തൊഴിലാളികളിൽ ഒരാൾ നേരത്തെ തന്നെ അസുഖ ബാധിതനായിരുന്നു എന്ന് കുടുംബാംഗങ്ങൾ പറഞ്ഞതായി പോലീസ് പറയുന്നു. മരിച്ച രണ്ടാമത്തെ തൊഴിലാളിയെ തിരിച്ചറിഞ്ഞിട്ടില്ല.
ട്രെയിൻ ഉത്തർപ്രദേശിലെ മണ്ട്വാദി സ്റ്റേഷനിൽ എത്തി യാത്രക്കാർ എല്ലാവരും ഇറങ്ങിയതിന് ശേഷമാണ് മൃതദേഹം കാണുന്നത്. 1500 തൊഴിലാളികളാണ് ട്രെയിനിൽ ഉണ്ടായിരുന്നത്. തൊഴിലാളികളുടെ മരണ കാരണം വ്യക്തമല്ല. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് വരികയാണെന്ന് സ്റ്റേഷൻ മാസ്റ്റർ അറിയിച്ചു