23 May, 2020 01:49:08 PM


മഹാരാഷ്ട്രയിൽ നിന്ന് ഉത്തർപ്രദേശിലേക്ക് പോയ ശ്രമിക് ട്രയിൻ എത്തിയത് ഒഡീഷയിൽ



ലക്നൗ: ലോക്ക്ഡൗണില്‍ കുടുങ്ങിയവരെ തിരിച്ചെത്തിക്കാന്‍ യാത്ര തിരിച്ച ശ്രമിക് തീവണ്ടി എത്തിയത് മറ്റൊരു സംസ്ഥാനത്ത്. മഹാരാഷ്ട്രയിലെ വസായ്‌ റോഡില്‍നിന്നു ഉത്തര്‍ പ്രദേശിലെ ഗൊരഖ്പൂരിലേക്ക് പോയ തീവണ്ടിയാണ്‌ ഒഡീഷയിലെ റൂര്‍ക്കലയിലേക്ക്‌ എത്തിയത്. ലോക്കോ പൈലറ്റിന് റൂട്ട് മാറി പോയതാണ് വഴി തെറ്റാനുള്ള കാരണമെന്നാണ് കുടിയേറ്റ തൊഴിലാളികൾ പറയുന്നത്. എന്നാൽ റെയില്‍വേയുടെ വിശദീകരണം മറ്റൊന്നാണ്.


ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ നാടണയാൻ കിട്ടിയ അവസരത്തിൽ വലിയ പ്രതീക്ഷയോടെയാണ് കുടിയേറ്റ തൊഴിലാളികൾ ട്രെയിവനിൽ കയറിയത്. മഹാരാഷ്ട്രയില്‍നിന്ന് വ്യാഴാഴ്ച പുറപ്പെട്ട ശ്രമിക് തീവണ്ടി 30 മണിക്കൂര്‍ നീണ്ട യാത്രയ്‌ക്കൊടുവിലാണ് ഒഡീഷയിലെ റൂര്‍ക്കലയിലേക്കെത്തിയത്. രാവിലെ ഉറക്കമെഴുന്നേറ്റ യാത്രക്കാരാണ് തങ്ങളെത്തിയ സ്റ്റേഷൻ കണ്ട് ആദ്യം അമ്പരന്നത്. തുടർന്ന് അന്വേഷിച്ചപ്പോഴാണ് ലോക്കോപൈലറ്റിന് തെറ്റ് പറ്റിയതെന്ന് അധികൃതർ പറഞ്ഞത്.

എന്നാൽ, വഴിതെറ്റിഓടിയെന്ന ആരോപണം റെയിൽവേ നിഷേധിക്കുന്നു. തെറ്റുപറ്റിയതല്ലെന്നാണ് നിർദേശപ്രകാരമാണ് ട്രെയിൻ ഒഡീഷയിലെത്തിയതെന്നുമാണ് വിശദീകരണം. ശ്രമിക് ട്രെയിനുകളിൽ ചിലത് വഴിതിരിച്ചുവിടാൻ തീരുമാനിക്കുകയായിരുന്നു. ചില ട്രെയിനുകൾ ബിഹാറിനായി റൂർക്കല വഴി വഴിതിരിച്ചുവിട്ടതാണ്. തിരക്കൊഴിവാക്കാനായിരുന്നു ഇത്. എന്നാൽ ട്രെയിനിലെ യാത്രക്കാരെ ഇതു സംബന്ധിച്ച് അറിയിക്കാത്തത് എന്തെന്ന ചോദ്യത്തിന് റെയിൽവേക്ക് മറുപടിയില്ല. യാത്രക്കാരെ തിരിച്ച് ഗൊരഖ്പുരിലേക്ക് കൊണ്ടുപോകുമെന്ന് റെയില്‍വേ അറിയിച്ചിട്ടുണ്ട്. എന്നാല്‍ തീവണ്ടിയുടെ സമയക്രമം സംബന്ധിച്ച വിവരങ്ങള്‍ റെയില്‍വേ വ്യക്തമാക്കിയിട്ടില്ല.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K