22 May, 2020 01:50:02 PM
കായംകുളം സ്വദേശിയുടെ മരണാനന്തരചടങ്ങില്‍ പങ്കെടുത്ത 5 മലയാളികള്‍ക്ക് കോവിഡ്
ഹൈദരാബാദ്: മലയാളിയുടെ മരണാനന്തര ചടങ്ങിൽ പങ്കെടുത്ത അഞ്ച് മലയാളികൾക്ക് തെലങ്കാനയിൽ കോവിഡ് സ്ഥിരീകരിച്ചു. മരിച്ചയാളുടെ ഭാര്യയ്ക്കും കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് മറ്റുള്ളവർക്കും പരിശോധന നടത്തിയത്. കായംകുളം സ്വദേശിയായ വിജയകുമാർ (64) മെയ് 17 ന് ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് മരിച്ചിരുന്നു. എന്നാൽ ഇദ്ദേഹം കോവിഡ് ബാധിതനായിരുന്നില്ല. പിന്നാലെയാണ് ഇദ്ദേഹത്തിന്‍റെ ഭാര്യയ്ക്ക് കോവിഡ് സ്ഥിരീകരിച്ചത്.
വിജയകുമാറിന്‍റെ മരണാനന്തര ചടങ്ങുകളിൽ നിരവധി പേർ പങ്കെടുത്തിരുന്നു. ചടങ്ങുകളിൽ പങ്കെടുത്ത മറ്റുള്ളവരേയും പരിശോധിച്ചപ്പോഴാണ് അഞ്ച് മലയാളികൾക്ക് കൂടി രോഗം സ്ഥിരീകരിച്ചത്. ഇവർ മരിച്ചയാളുടെ ബന്ധുക്കളും കൂടിയാണെന്നാണ് വിവരം. രോഗം സ്ഥിരീകരിച്ചവരെയെല്ലാം ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അഞ്ചുപേരിൽ 66 വയസുള്ള ഒരു സ്ത്രീയുമുണ്ടെന്നാണ് വിവരങ്ങൾ.
ഹൈദരാബാദ് മുൻസിപ്പൽ കോർപ്പറേഷൻ പരിധിയിൽ കോവിഡ് പടർന്നുപിടിക്കുകയാണ്. ഹൈദരാബാദ് ജില്ല ഒഴികെ മറ്റുള്ള ജില്ലകളിൽ രോഗം റിപ്പോർട്ട് ചെയ്തിട്ടുമില്ല. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കൂടുതൽ ആളുകൾ തിരികെ വന്നുകൊണ്ടിരിക്കെ കുടിയേറ്റ തൊഴിലാളികൾക്കിടയിലും രോഗം കൂടുതൽ വ്യാപിക്കുന്നുണ്ട്. നിലവിൽ 99 പേർക്കാണ് ഹൈദരാബാദിൽ കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.
സമീപ സംസ്ഥാനമായ കർണാടകയിലും കോവിഡ് വ്യാപനം തുടരുകയാണ്. 143 പേർക്കാണ് ഇന്നലെ മാത്രം രോഗം സ്ഥിരീകരിച്ചത്. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് ആളുകൾ തിരികെ എത്തുന്നതാണ് കർണാടകയ്ക്ക് വലിയ വെല്ലുവിളിയാകുന്നത്. മഹാരാഷ്ട്രയിൽ നിന്ന് എത്തുന്നവരാണ് ഇത്തരത്തിൽ രോഗബാധിതരിൽ അധികവും. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് ആളുകൾ മടങ്ങിയെത്തുന്നത് തമിഴ്നാട്, ആന്ധ്രാപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങൾക്കും വെല്ലുവിളിയാകുന്നുണ്ട്.