21 May, 2020 09:49:19 PM
മഹാമാരിയിൽ മഹാരാഷ്ട്ര: 24 മണിക്കൂറിനിടെ 64 മരണം; രോഗികൾ 41,642 ആയി
മുംബൈ: മഹാരാഷ്ട്രയിൽ അതിവേഗം കോവിഡ് വ്യാപനം. സംസ്ഥാനത്ത് ഇന്ന് 2,345 പേർക്ക് പുതുതായി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 41,642 ആയി ഉയർന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 64 മരണങ്ങളും റിപ്പോർട്ട് ചെയ്തു.
മുംബൈയിൽ മാത്രം ഇന്ന് 1,382 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 41 പേർ മരിക്കുകയും ചെയ്തു. സംസ്ഥാനത്ത് ആകെ 1,454 പേർ ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചു. തുടർച്ചയായ അഞ്ചാം ദിവസമാണ് കോവിഡ് കേസുകളുടെ എണ്ണം രണ്ടായിരത്തിനു മുകളിൽ റിപ്പോർട്ട് ചെയ്യുന്നത്. അഞ്ച് ദിവസത്തിനുള്ളിൽ പതിനായിരത്തിൽ അധികം പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.
രാജ്യത്ത് 112359 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. മരണം 3435 ആയി. രോഗം സ്ഥിരീകരിച്ചവരില്‍ 45300 പേര്‍ രോഗമുക്തരായി. തമിഴ്‌നാട്ടിലും കർണാടകയിലും കോവിഡ് ബാധിതരുടെ എണ്ണം വൻതോതിൽ വർധിക്കുന്നു.
ഇന്ന് മാത്രം 776 പേർക്കാണ് തമിഴ്‌നാട്ടിൽ കോവിഡ് 19 രോഗം സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ വൈറസ് ബാധിതരുടെ എണ്ണം 13967 ആയി. ഇന്ന് മാത്രം മരിച്ചത് 7 പേരാണ്. മരിച്ചവരുടെ ആകെ എണ്ണം 94 ആയി. ചെന്നൈ നഗരത്തിൽ മാത്രം 567 പേർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.
കർണാടകയിൽ 143 പേർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഇതോടെ നിലവിൽ രോഗികൾ 992 ആയി. 41 പേരാണ് കർണാടകയിൽ കോവിഡ് ബാധിച്ചത് മരിച്ചത്.