18 May, 2020 07:52:16 PM
കേരളമടക്കം 4 സംസ്ഥാനങ്ങളില്‍ നിന്നുള്ളവരെ കര്‍ണാടകയിലേക്ക് പ്രവേശിപ്പിക്കില്ല
ബംഗളുരു: ഈ മാസം 31 വരെ കേരളമടക്കം നാല് സംസ്ഥാനങ്ങളിൽ നിന്നുള്ളവർക്ക് കർണാടകയിലേക്ക് പ്രവേശനമില്ല. നാലാം ഘട്ട ലോക്ക്ഡൗണുമായി ബന്ധപ്പെട്ട അവലോകന യോഗത്തിന് ശേഷം കർണാടക മുഖ്യമന്ത്രി ബി.എസ്.യെദ്യൂരപ്പയാണ് ഇക്കാര്യം അറിയിച്ചത്. കേരളം, മഹാരാഷ്ട്ര, ഗുജറാത്ത്, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ള ആഭ്യന്തര രാജ്യാന്തര യാത്രക്കാർക്കാണ് കർണാടക സർക്കാർ വിലക്കേർപ്പെടുത്തിയിട്ടുള്ളത്. സംസ്ഥാനങ്ങൾ തമ്മിൽ പരസ്പരം ധാരണയോടെ അന്തർ സംസ്ഥാന യാത്രകൾക്ക് അനുമതി നൽകാമെന്നായിരുന്നു കേന്ദ്ര സർക്കാരിന്റെ നിർദേശം.
അവശ്യ സർവീസുകൾ മാത്രം അനുവദിച്ച് ഞായറാഴ്ചകളിൽ പൂർണ്ണമായും ലോക്ക്ഡൗൺ ഏർപ്പെടുത്തുമെന്നും യെദ്യൂരപ്പ അറിയിച്ചു. കണ്ടെയിൻമെന്റ് സോണുകളിൽ കർശമനമായ ലോക്ക്ഡൗൺ നിയന്ത്രണങ്ങളും മറ്റിടങ്ങളിൽ സാമ്പത്തിക പ്രവർത്തനങ്ങളും അനുവദിക്കും. സംസ്ഥാനത്തിനകത്ത് ഓടുന്ന എല്ലാ ട്രെയിനുകളും അനുവദിക്കും. എല്ലാ കടകളും തുറക്കാം. സംസ്ഥാനത്തിനകത്ത് ഓടുന്ന ട്രെയിൻ പോലെ തന്നെ സ്വകാര്യ-കെഎസ്ആർടിസി ബസുകൾക്കും സർവീസ് നടത്താൻ അനുമതിയുണ്ടെന്നും കർണാടക മുഖ്യമന്ത്രി അറിയിച്ചു.