18 May, 2020 11:25:15 AM
ഉംപുന്‍ 'സൂപ്പർ സൈക്ലോൺ' ആയി ശക്തിയാര്‍ജിക്കുന്നു; ബുധനാഴ്ച കരയിലേക്ക് പ്രവേശിച്ചേക്കും
ഭുവനേശ്വർ: കോവിഡ് മഹാമാരിയിൽ വിറങ്ങലിച്ചു നിൽക്കുന്ന ജനങ്ങൾക്ക് ആശങ്കകൾ സമ്മാനിച്ച് ഉംപുണ്‍ ചുഴലിക്കാറ്റ് ശക്തിയാർജിക്കുന്നു. മണിക്കൂറിൽ 230 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശുമെന്നാണ് റിപ്പോർട്ടുകൾ. ഒഡീഷയിലും, പശ്ചിമബംഗാളിലും അതീവ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. ഒഡീഷയിൽ 11 ലക്ഷം പേരെ മാറ്റിപാർപ്പിക്കുകയാണെന്നാണ് വിവരം. സംസ്ഥാനത്ത് ദുരന്തനിവാരണ സേനയെ വിന്യസിക്കുകയും ചെയ്തു. മറ്റന്നാൾ ചുഴലിക്കാറ്റ് കരതൊടുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നൽകുന്ന മുന്നറിയിപ്പ്.
പശ്ചിമ ബംഗാൾ – ബംഗ്ലാദേശ് തീരങ്ങളിൽ ചുഴലിക്കാറ്റ് തീരം തൊടുമെന്നാണ് കരുതുന്നത്. ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ ആന്ധ്ര പ്രദേശ്, ഒഡിഷ, പശ്ചിമ ബംഗാൾ സംസ്ഥാനങ്ങളിൽ അതീവ ജാഗ്രത നിർദ്ദേശം പ്രഖ്യാപിച്ചിട്ടുണ്ട്. മത്സ്യ തൊഴിലാളികൾ കടലിൽ പോകരുതെന്ന് മുന്നറിയിപ്പുണ്ട്. കേരളത്തിലും കനത്ത മഴക്ക് സാധ്യതയുണ്ട്. സംസ്ഥാനത്ത് ശക്തമായ മഴക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കേരള തീരങ്ങളിൽ മത്സ്യത്തൊഴിലാളികൾ ഒരു കാരണവശാലും കടലിൽ പോകാൻ പാടുള്ളതല്ലെന്നും നിർദ്ദേശമുണ്ട്