17 May, 2020 05:17:28 PM
ശ്രമിക് സ്പെഷൽ ട്രെയിനുകൾ റദ്ദാക്കി; വാഹനങ്ങൾ തകർത്ത് അന്യസംസ്ഥാന തൊഴിലാളികൾ
രാജ്കോട്ട്: ശ്രമിക് സ്പെഷൽ ട്രെയിനുകൾ റദ്ദാക്കിയതിനെ തുടര്‍ന്ന് ഗുജറാത്തിൽ വാഹനങ്ങൾ തകർത്ത് ഇതരസംസ്ഥാന തൊഴിലാളികൾ. രാജ്കോട്ടിലെ ഷാപർ ഇൻഡസ്ട്രിയൽ ഏരിയയിലാണ് അക്രമമുണ്ടായത്. ബിഹാര്‍, ഉത്തർപ്രദേശ് സംസ്ഥാനങ്ങളിലേക്കുള്ള ട്രെയിനുകൾ റദ്ദാക്കിയതിന് പിന്നാലെയാണു തൊഴിലാളികൾ അക്രമാസക്തരായത്. സംഭവത്തിന് പിന്നിൽ പ്രവർത്തിച്ചവർക്കെതിരെ നടപടിയെടുക്കുമെന്ന് രാജ്കോട്ട് എസ്പി ബൽറാം മീണ പ്രതികരിച്ചു.
രാജ്കോട്ട് ജില്ലയിലെ കണ്ടെയ്ൻമെന്റ് സോണിലും പൊലീസിനെതിരെ അക്രമമുണ്ടായി. ജനങ്ങൾ ബാരിക്കേഡുകൾ നീക്കം ചെയ്യാൻ ശ്രമിച്ചപ്പോൾ പൊലീസ് തടഞ്ഞതാണ് അക്രമത്തിൽ കലാശിച്ചത്. പൊലീസ് ഉദ്യോഗസ്ഥർക്കു നേരെ കല്ലേറുണ്ടായി. വാഹനങ്ങൾ തകര്‍ത്തു. കണ്ണീർ വാതകം പ്രയോഗിച്ചാണ് പൊലീസ് ജനങ്ങളെ പിരിച്ചുവിട്ടത്. സംഭവത്തിൽ 68 പേരെ അറസ്റ്റ് ചെയ്തു.