14 February, 2020 08:57:37 PM
സര്‍ക്കാര്‍ മലക്കംമറിഞ്ഞു: ഭീമ കൊറേഗാവ് കേസ് എന്‍ഐഎക്ക്; അതൃപ്തി പ്രകടിപ്പിച്ച് പവാര്‍
പൂനെ: ഭീമ കൊറേഗാവ് കേസില്‍ അവസാന മണിക്കൂറില്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ മലക്കംമറിഞ്ഞു. കേസ് കേന്ദ്ര ഏജന്‍സിക്ക് കൈമാറുന്നതില്‍ എതിര്‍പ്പില്ലെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഇതേതുടര്‍ന്ന് ഭീമ കൊറേഗാവുമായി ബന്ധപ്പെട്ട് എല്‍ഗാര്‍ പരിഷത്ത് കേസ് പരിഗണിക്കുന്ന പൂനെ സെഷന്‍സ് കോടതി മുംബൈ എന്‍.ഐ.എ കോടതിയിലേക്ക് കൈമാറി. സര്‍ക്കാര്‍ നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാത്തതിനാല്‍ കേസ് തുടരുന്നതില്‍ കോടതിക്ക് അധികാരമില്ലെന്ന് സെഷന്‍സ് കോടതി വ്യക്തമാക്കുകയായിരുന്നു.
2017 ഡിസംബര്‍ 31നാണ് പൂനെ ഷാനിവാര്‍വാഡയില എല്‍ഗാര്‍ പരിഷത്ത് കോണ്‍ക്ലേവില്‍ തീവ്രവവൈകാരികതയുള്ള പ്രസംഗം നടത്തിയെന്നും കൊറേഗാവ് ഭീമി യുദ്ധ സ്മാരകത്തില്‍ പിറ്റേന്നുണ്ടായ കലാപത്തിനു പിന്നില്‍ ഇതായിരുന്നുവെന്നുമാണ് കേസ്. മാവോയിസ്റ്റു പിന്തുണയോടെയാണ് കോണ്‍ക്ലേവ് നടന്നതെന്നാണ് പൂനെ പോലീസിന്‍റെ കണ്ടെത്തല്‍. കേസുമായി ബന്ധപ്പെട്ട് ഇടതു പ്രവര്‍ത്തകരായ സുധീര്‍ ദവാലെ, റോണ വില്‍സണ്‍, സുരേന്ദ്ര ഗാഡ്‌ലിങ്, മഹേഷ് റൗട്ട്, ഷോമ സെന്‍, അരുണ്‍ ഫെരെയ്‌റ, വെര്‍നണ്‍ ഗോന്‍സാല്‍വസ്, സുധ ഭരദ്വാജ്, വരവര റാവു എന്നിവരെ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റുചെയ്തു. എല്‍ഗാര്‍ പരിഷത്ത് കേസുമായില്‍ എന്‍.ഐ.എ കേസെടുത്ത 11 പേരില്‍ ഒമ്പതു പേരായ ഇവര്‍ നിലവില്‍ ജയിലിലാണ്.
ഈ കേസ് കഴിഞ്ഞ മാസമാണ് കേന്ദ്രസര്‍ക്കാര്‍ പൂനെ പോലീസില്‍ നിന്നും ദേശീയ അന്വേഷണ ഏജന്‍സിക്ക് കൈമാറിയത്. ഇതില്‍ ശിവസേന-എന്‍.സി.പി-കോണ്‍ഗ്രസ് സര്‍ക്കാര്‍ ശക്തമായ വിമര്‍ശനവും ഉന്നയിച്ചിരുന്നു. അതേസമയം, കേസ് എന്‍.ഐ.എയ്ക്ക് കൈമാറുന്നതില്‍ എതിര്‍പ്പ് പ്രകടിപ്പിക്കാത്ത സര്‍ക്കാര്‍ നടപടിയില്‍ എന്‍.സി.പി നേതാവ് ശരത് പവാര്‍ അതൃപ്തി പ്രകടിപ്പിച്ചുവെന്നാണ് റിപ്പോര്‍ട്ട്. കേസ് ഏറ്റെടുക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം അനുചിതമാണ്. സംസ്ഥാന സര്‍ക്കാര്‍ അതിന് അനുമതി നല്‍കിയത് അതിലും അനുചിതമാണെന്ന് പവാര്‍ പ്രതികരിച്ചു.
മഹാരാഷ്ട്ര വികാസ് അഘാഡി സര്‍ക്കാര്‍ രൂപീകരിച്ച ശേഷം ഇതാദ്യമായാണ് മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ തീരുമാനത്തെ ശരത് പവാര്‍ പരസ്യമായി വിമര്‍ശിക്കുന്നത്. ക്രമസമാധന പാലനം സംസ്ഥാന സര്‍ക്കാര്‍ വിഷയമാണ്. സംസ്ഥാനത്തിന്‍റെ അവകാശങ്ങളില്‍ കേന്ദ്രം കടന്നുകയറുന്നതും മഹാരാഷ്ട്ര സര്‍ക്കാര്‍ അതിനെ പിന്തുണയ്ക്കുന്നതും അനുചിതമാണെന്ന് പവാര്‍ കോലാപൂരില്‍ മാധ്യമങ്ങളോട് പറഞ്ഞു.