14 February, 2020 08:53:46 PM
ദില്ലി തിരഞ്ഞെടുപ്പില്‍ ബി.ജെ.പി പരാജയപ്പെട്ടതിന് കാരണം കോണ്‍ഗ്രസ്: പ്രകാശ് ജാവദേക്കര്‍
പൂനെ: ദില്ലി നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ പരാജയത്തിന് കോണ്‍ഗ്രസിനെ കുറ്റപ്പെടുത്തി കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍. കോണ്‍ഗ്രസ് പെട്ടെന്ന് ദുര്‍ബലമായതാണ് ആം ആദ്മി പാര്‍ട്ടിയുടെ വിജയത്തിന് കാരണമെന്ന് ജാവദേക്കര്‍ പറഞ്ഞു. കോണ്‍ഗ്രസ് ദുര്‍ബലമായതോടെ മത്സരം ആം ആദ്മി പാര്‍ട്ടിയും ബി.ജെ.പിയും തമ്മിലായി. ഇതാണ് ബി.ജെ.പിക്ക് തിരിച്ചടി നേരിടാന്‍ കാരണമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് രംഗത്ത് നിന്ന് അപ്രത്യക്ഷമായി. ഇതോടെ മത്സരം ബി.ജെ.പിയും എ.എ.പിയും തമ്മിലായി. ബി.ജെ.പി 42 ശതമാനം വോട്ട് പ്രതീക്ഷിച്ചിരുന്നു. ആം ആദ്മി പാര്‍ട്ടിക്ക് 48 ശതമാനം വോട്ടുമാണ് പ്രതീക്ഷിച്ചത്. എന്നാല്‍ ബി.ജെ.പിക്ക് 39 ശതമാനം വോട്ടും ആം ആദ്മി പാര്‍ട്ടിക്ക് 51 ശതമാനം വോട്ടുമാണ് ലഭിച്ചത്. ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 26 ശതമാനം വോട്ട് ലഭിച്ച കോണ്‍ഗ്രസിന് നാല് ശതമാനം വോട്ട് മാത്രമാണ് ലഭിച്ചത്.
കോണ്‍ഗ്രസിന്‍റെ വോട്ട് എ.എ.പിക്ക് ലഭിച്ചിരിക്കാമെന്നും കേന്ദ്രമന്ത്രി പറഞ്ഞു. തിരഞ്ഞെടുപ്പില്‍ വിജയവും പരാജയവും സാധാരണമാണ്. ബി.ജെ.പി ഇക്കാര്യങ്ങളെല്ലാം വിലയിരുത്തി വരികയാണെന്നും കേന്ദ്രമന്ത്രി പറഞ്ഞു. അതേസമയം കെജ്‌രിവാളിനെ തീവ്രവാദിയെന്ന് പരാമര്‍ശിച്ചതിനെക്കുറിച്ചുള്ള ചോദ്യത്തിന് താന്‍ അങ്ങനെ പറഞ്ഞിട്ടില്ലെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം.