11 February, 2020 04:55:52 PM
മിന്നുന്ന വിജയം: കേജരിവാള്‍ അധികാരത്തിലേക്ക്; ആം ആദ്മി - 63, ബിജെപി - 7, കോണ്‍ഗ്രസ് പൂജ്യം
ദില്ലി: മിന്നുന്ന വിജയവുമായി മൂന്നാം തവണയും അരവിന്ദ് കെജ്രിവാളിന്‍റെ നേതൃത്വത്തിൽ ആം ആദ്മി പാർട്ടി ദില്ലിയിൽ അധികാരത്തിലെത്തുന്നു. ആകെയുള്ള 70 മണ്ഡലങ്ങളിൽ 63ലും ജയിച്ചാണ് ആം ആദ്മി ഉജ്ജ്വല വിജയം നേടിയത്. 2015ൽ 67 സീറ്റുകളിലാണ് കെജ്രിവാളിന്‍റെ പാർട്ടി വിജയിച്ചിരുന്നത്. നാലു സീറ്റുകൾ ഇത്തവണ നഷ്ടമായി. കഴിഞ്ഞ തവണ മൂന്ന് സീറ്റിൽ ജയിച്ച ബിജെപി ഇത്തവണ നാല് സീറ്റുകള്‍ കൂടി പിടിച്ചെടുത്തു. അതേസമയം, കഴിഞ്ഞ തവണത്തെപോലെ കോൺഗ്രസിന് ഇത്തവണയും "സംപ്യൂജ്യ"രാകേണ്ടിവന്നു.
ഏഴ് ആം ആദ്മി പാർട്ടി സ്ഥാനാർഥികൾക്ക് അടിതെറ്റിയതിൽ ചിലത് ബിജെപിക്ക് സ്വാധീനമുള്ള മണ്ഡലങ്ങളാണ്. പിന്നിലായിപ്പോയ ആം ആദ്മി പാർട്ടി സ്ഥാനാർഥികള്‍...
1. രാജേഷ് നമ ബൻസിവാല (രോഹിണി): ബിജെപിയുടെ സിറ്റിംഗ് സീറ്റിൽ ഇത്തവണയും ജയം വിജേന്ദർ ഗുപ്തക്ക്. 2015ലും വിജേന്ദർ ഗുപ്തക്കായിരുന്നു വിജയം. ഭൂരിപക്ഷം 5367. എന്നാൽ 2013ൽ ആം ആദ്മി പാർട്ടിയുടെ രാജേഷ് ഗാർഗായിരുന്നു ഇവിടെ വിജയിച്ചത്.
2. നിതിൻ ത്യാഗി (ലക്ഷ്മി നഗർ): ലക്ഷ്മി നഗര്‍ സീറ്റ് ഇത്തവണ ബിജെപി പിടിച്ചെടുത്തു. ബിജെപിയുടെ അഭയ് വർമയാണ് ഇവിടെ ഇത്തവണ വിജയിച്ചത്. 2015ൽ നിതിൻ ത്യാഗി വിജയിച്ച സീറ്റാണിത്. അന്ന് ബിജെപിയിലെ ബിബി ത്യാഗിയെ ആണ് അദ്ദേഹം പരാജയപ്പെടുത്തിയത്. 2013ൽ എഎപിയുടെ വിനോദ് കുമാർ ബെന്നിക്കായിരുന്നു ജയം.
3. ദീപക് സിംഗ്ല (വിശ്വാസ് നഗർ): ബിജെപിയുടെ സിറ്റിംഗ് സീറ്റ്. ഇത്തവണയും വിജയം ആവർത്തിച്ച് ബിജെപിയുടെ ഓം പ്രകാശ് ശർമ. 2015ൽ ശർമ ജയിച്ചത് 10,158 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ. 2013ലും ഓം പ്രകാശ് ശർമക്കായിരുന്നു വിജയം.
4. നവീൻ ചൗധരി (ഗാന്ധി നഗർ): ബിജെപിയുടെ മറ്റൊരു സിറ്റിംഗ് സീറ്റ്. ഇത്തവണയും വിജയിച്ചത് അനിൽകുമാർ ബാജ്പയി. 2015ൽ ആം ആദ്മി പാർട്ടി സ്ഥാനാർഥിയെ പരാജയപ്പെടുത്തിയത് 7482 വോട്ടുകൾക്ക്. 2013ൽ കോൺഗ്രസ് ജയിച്ച മണ്ഡലമാണിത്.
5. വിപിൻ ശർമ (രോഹ്താസ് നഗർ): ആം ആദ്മി പാർട്ടിയുടെ സിറ്റിംഗ് സീറ്റ് ബിജെപി പിടിച്ചെടുത്തു. ഇത്തവണ വിജയിച്ചത് ബിജെപിയുടെ ജിതേന്ദർ മഹാജൻ. 2015ൽ ആം ആദ്മി പാർട്ടിയുടെ സരിത സിംഗാണ് ജയിച്ചത്. അന്ന് ജിതേന്ദർ മഹാജൻ 7874 വോട്ടുകൾക്കാണ് തോറ്റത്. 2013ൽ ജിതേന്ദറിനായിരുന്നു ജയം.
6. ശ്രീ ദത്ത് ശർമ (ഘോണ്ട): ആം ആദ്മിയുടെ സിറ്റിംഗ് സീറ്റ്. ഇത്തവണ ജയിച്ചത് ബിജെപിയുടെ അജയ് മഹാവർ. 2015ൽ ശ്രീ ദത്ത് ശർമ വിജയിച്ചിരുന്നു. 2013ൽ ബിജെപിക്കായിരുന്നു വിജയം.
7. ദര്‍ഗേഷ് പഥക് (കാരാവൽ നഗർ): ആം ആദ്മി പാർട്ടിയുടെ സിറ്റിംഗ് സീറ്റ്. ഇത്തവണ ജയിച്ചത് ബിജെപിയുടെ മോഹൻ സിംഗ് ബിസ്ത്. 2015ൽ ആം ആദ്മി പാർട്ടിയുടെ കപിൽ മിശ്രക്കായിരുന്നു വിജയം. അന്ന് പരാജയപ്പെട്ട മോഹൻ സിംഗ് ബിസ്ത് ഇത്തവണ വിജയം കണ്ടു. 2013ലും മോഹൻ സിംഗിനായിരുന്നു വിജയം.