11 February, 2020 09:28:32 AM
ദില്ലിയിൽ കുതിച്ച് പാഞ്ഞ് എ എ പി: നില മെച്ചപ്പെടുത്തി ബിജെപിയും
ദില്ലി: ദില്ലി നിയമസഭാ തെരഞ്ഞെടുപ്പില്‍ കേവല ഭൂരിപക്ഷത്തിനായി വേണ്ടതിലും അധികം സീറ്റുകളിൽ ലീഡുമായി അരവിന്ദ് കെജ്‌രിവാളിന്‍റെ നേതൃത്വത്തിലുള്ള ആം ആദ്മി പാർട്ടി. മുഖ്യമന്ത്രി അരവിന്ദ് കേജരിവാളും പട്പട്ഗഞ്ചില്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും രാഘവ് ചദ്ദ, ബിജെപിയുടെ തേജീന്ദർ സിംഗ് ബഗ്ഗ, കപിൽ മിശ്ര എന്നിവരും മുന്നിട്ടുനില്‍ക്കുകയാണ്. അതേസമയം, കഴിഞ്ഞ തവണത്തെ ഫലത്തെ അപേക്ഷിച്ചുനോക്കുമ്പോൾ ബിജെപി മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. 20ൽ അധികം സീറ്റുകളിൽ ലീഡ് ചെയ്ത ബിജെപി ഒടുവിൽ പിന്നിലേക്ക് പോയി.
എക്സിറ്റ് പോൾ ഫലങ്ങളെല്ലാം ആം ആദ്മി പാർട്ടി അധികാരത്തിൽ തുടരുമെന്നാണ് പ്രവചിച്ചത്. അതേസമയം കേന്ദ്ര ആഭ്യന്തര മന്ത്രി ഉൾപ്പടെയുള്ള ബിജെപി നേതാക്കൾ 45 സീറ്റുകളിലധികം നേടുമെന്ന ആത്മവിശ്വാസത്തിലാണ്. വോട്ടെടുപ്പ് നടന്ന 70 അംഗ നിയമസഭ സീറ്റില്‍ ആദ്യ ഫലസൂചനകള്‍ പ്രകാരം എഎപി 53 സീറ്റുകളില്‍ മുന്നിട്ടു നില്‍ക്കുകയാണ്. കഴിഞ്ഞ തവണത്തേക്കാള്‍ ബിജെപി നിലമെച്ചപ്പെടുത്തി. 16 സീറ്റില്‍ ബിജെപി ലീഡ് ചെയ്യുകയാണ്. ഒരു സീറ്റില്‍ കോണ്‍ഗ്രസും ലീഡ് ചെയ്യുന്നു. ശനിയാഴ്ച പുറത്തുവന്ന എക്സിറ്റ് പോള്‍ ഫലങ്ങള്‍ എഎപിക്ക് അനുകൂലമാണ്. 48 മുതല്‍ 68 വരെ സീറ്റുകള്‍ എഎപിക്കും രണ്ടു മുതല്‍ 15 വരെ സീറ്റുകള്‍ ബിജെപിക്കും എക്സിറ്റ് പോള്‍ പ്രവചിക്കുന്നു.