07 February, 2020 07:55:21 AM
കരുതല്‍ തടങ്കല്‍ നീളും: ഒമര്‍ അബ്ദുള്ളയ്ക്കും മെഹ്ബൂബക്കും മേല്‍ പൊതു സുരക്ഷാ നിയമം
ശ്രീനഗര്‍: മുന്‍ ജമ്മു കശ്മീര്‍ മുഖ്യമന്ത്രിമാരായ ഒമര്‍ അബ്ദുള്ളയ്ക്കും മെഹ്ബൂബ മുഫ്തിക്കു മേല്‍ പൊതു സുരക്ഷാ നിയമം ചുമത്തി. കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കി കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിച്ചതിനു പിന്നാലെ കഴിഞ്ഞ ആറു മാസമായി ഇരുവരും കരുതല്‍ തടങ്കലില്‍ കഴിഞ്ഞുവരികയാണ്. പൊതുസുരക്ഷാ നിയമം ചുമത്തിയതോടെ വിചാരണ കൂടാതെ മൂന്നു മാസത്തോളം തടങ്കലില്‍ വയ്ക്കാന്‍ പോലീസിന് അനുമതിയുണ്ട്.
വിചാരണ കൂടാതെ ആരെയും തടങ്കലല്‍ വയ്ക്കാന്‍ അനുമതി നല്‍കുന്നതാണ് പൊതുസുരക്ഷാ നിയമം. ഇതോടെ ഒമറിനെയും മെഹളബൂബയേയും നിലവില്‍ തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുന്ന സ്ഥലങ്ങളില്‍ തന്നെ താമസിപ്പിക്കുമെന്നാണ് സൂചന. ഇരുവര്‍ക്കു പുറമെ നാഷനല്‍ കോണ്‍ഫറന്‍സ് മേനതാവ് അലി മുഹമ്മദ് സാഗര്‍, പിഡിപി നേതാവ് സര്‍താജ് മാധ്‌വി എന്നിവര്‍ക്കെതിരെയും പൊതുസുരക്ഷാ നിയമം ചുമത്തി കേസെടുത്തിട്ടുണ്ട്.
കശ്മീരിന്റെ പ്രത്യേക പദവി നീക്കിയ 2019 ഓഗസ്റ്റ് അഞ്ച് മുതല്‍ ഗുപ്കര്‍ റോഡിലെ വസതിയില്‍ വീട്ടുതങ്കലിലായിരുന്ന അദേഹത്തിന്റെ വീട് പ്രത്യേക ഉത്തരവ് പ്രകാരം ജയിലായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഒമര്‍ അബ്ദുള്ളയുടെ പിതാവ് ഫറൂഖ് അബ്ദുള്ളയേയും പൊതു സുരക്ഷാ നിയമം ചുമത്തി നേരത്തെ അറസ്റ്റു ചെയ്തിരുന്നു.