05 February, 2020 02:21:38 PM
അയോധ്യയിൽ രാമക്ഷേത്ര നിർമാണം: ട്രസ്റ്റിന് രൂപം നൽകി കേന്ദ്രസർക്കാർ
ദില്ലി: അയോധ്യയിൽ രാമക്ഷേത്ര നിർമാണത്തിനുള്ള ട്രസ്റ്റിന് കേന്ദ്രസർക്കാർ രൂപം നൽകി. പ്രധാനമന്ത്രി നരേന്ദ്ര മോദി ലോക്സഭയിൽ നേരിട്ടെത്തി തീരുമാനം പ്രഖ്യാപിച്ചു. സുപ്രീം കോടതി നിർദേശപ്രകാരം സുപ്രധാന തീരുമാനമെടുത്തകാര്യം അറിയിക്കുന്നതിൽ സന്തോഷമുണ്ടെന്ന് മോദി പറഞ്ഞു.
അയോധ്യയിൽ രാമക്ഷേത്ര നിർമാണത്തിനായി മന്ത്രിസഭ പദ്ധതി തയാറാക്കി. ശ്രീറാം ജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റ് രൂപീകരിക്കാൻ സർക്കാർ തീരുമാനിച്ചു. ഈ ട്രസ്റ്റ് രാമക്ഷേത്ര നിർമാണവും അനുബന്ധ പ്രശ്നങ്ങളും സംബന്ധിച്ച് സ്വതന്ത്രമായി തീരുമാനമെടുക്കുമെന്നും പ്രധാനമന്ത്രി ലോക്സഭയിൽ പറഞ്ഞു.
അയോധ്യയിലെ 67.703 ഏക്കറി തർക്കഭൂമി സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽ പുതുതായി രൂപം നൽകിയ ട്രസ്റ്റിന് കൈമാറും. അയോധ്യ ക്ഷേത്ര ട്രസ്റ്റിന്റെ പ്രഖ്യാപനത്തിനു തെരഞ്ഞെടുത്ത സമയത്തെ കോൺഗ്രസ് എംപിമാരിൽ ചിലർ ചോദ്യം ചെയ്തു. നേരത്തെ പല സുപ്രധാനവിഷയങ്ങളിലും പാർലമെന്റിൽ മറുപടി ആവശ്യപ്പെട്ടിട്ടും തയാറാകാതിരുന്ന മോദി ഡൽഹി തെരഞ്ഞെടുപ്പു മുന്നിൽക്കണ്ടാണ് ലോക്സഭയിൽ എത്തിയതെന്ന് കോൺഗ്രസ് ആരോപിച്ചു.