03 February, 2020 05:28:57 PM
പുഴയ്ക്ക് തീപിടിച്ചു: അസമിലെ ബുർഹി ദിഹിംഗ് നദിയില്‍ വന്‍ അഗ്നിബാധ
ദിസ്പൂർ: അസമിലെ ദിബ്രുഗഡ് ജില്ലയിലെ ബുർഹി ദിഹിംഗ് നദിയിൽ വൻ തീപിടിത്തം. നദിയിലൂടെ കടന്നുപോകുന്ന എണ്ണ പൈപ്പ് ലൈനിലുണ്ടായ സ്ഫോടനത്തെത്തുടർന്നാണ് തീപിടിത്തമുണ്ടായത്. പ്രദേശത്ത് ദിവസങ്ങളായി വന്‍ തീജ്വാലകള്‍ ഉയരുകയാണെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. ഓയിൽ ഇന്ത്യ ലിമിറ്റഡിന്റെ ദുലിയാജൻ പ്ലാന്റിൽ നിന്നുള്ള ക്രൂഡ് ഓയിൽ കടന്നുപോകുന്ന നദിയുമായി ബന്ധിപ്പിച്ച പൈപ്പിൽ സ്ഫോടനമുണ്ടായ തുടര്‍ന്നാണ് വന്‍ അഗ്നിബാധയുണ്ടായതെന്ന് പ്രദേശവാസികൾ പറഞ്ഞു.
പൈപ്പ് ലൈന്‍ പൊട്ടിയതിനെ തുടര്‍ന്ന് നദിയില്‍ പരന്ന എണ്ണയില്‍ ആരോ തീയിട്ടതാണെന്നും ഗ്രാമവാസികൾക്ക് സംശയമുണ്ട്. മൂന്ന് ദിവസം മുമ്പ് ഗ്രാമവാസികൾ നദിയിൽ തീപിടിത്തമുണ്ടായതായി പ്രാദേശിക ഭരണകൂടത്തെ അറിയിച്ചിരുന്നു. എന്നാല്‍ തീ അണയ്ക്കുന്നതിനും സ്ഥിതിഗതികൾ നിയന്ത്രിക്കുന്നതിനും അധികൃതർ ഇതുവരെ ഒന്നും ചെയ്തിട്ടില്ല. തീപിടിത്തം നാട്ടുകാർക്കിടയിൽ പരിഭ്രാന്തി പരത്തിയിട്ടുണ്ട്.