27 January, 2020 07:15:55 AM
പൗരത്വ നിയമ ഭേദഗതി: യൂറോപ്യൻ യൂണിയനിൽ വലിയ നയതന്ത്ര തിരിച്ചടി നേരിട്ട് ഇന്ത്യ
ദില്ലി: പൗരത്വ നിയമ ഭേദഗതി, ജമ്മുകാഷ്മീർ വിഷയത്തിൽ യൂറോപ്യൻ യൂണിയനിൽ വലിയ നയതന്ത്ര തിരിച്ചടി നേരിട്ട് ഇന്ത്യ. യൂറോപ്യൻ യൂണിയൻ പാർലമെന്റിൽ 626 അംഗങ്ങൾ രണ്ട് വിഷയങ്ങളിലും പ്രമേയം അവതരിപ്പിക്കാൻ തയാറെടുക്കുകയാണ്. ആറ് പ്രമേയങ്ങളാണ് രണ്ട് വിഷയങ്ങളിലായി അവതരിപ്പിക്കുന്നത്.
ലോകത്തിലെ ഏറ്റവും വലിയ പൗരത്വ നിഷേധമാണ് പൗരത്വ നിയമ ഭേദഗതിയിലൂടെ സംഭവിക്കുകയെന്ന് യൂറോപ്യൻ യൂണിയൻ അംഗങ്ങൾ പറയുന്നു. യൂറോപ്യൻ യൂണിയൻ പാർലമെന്റിലെ പ്രോഗ്രസ് അലയൻസ് ഓഫ് സോഷ്യലിസ്റ്റ് ആൻഡ് ഡെമോക്രാറ്റ്സ്, യൂറോപ്യൻ പീപ്പിൾസ് പാർട്ടി, യൂറോപ്യൻ യുണൈറ്റഡ് ലെഫ്റ്റ് ആൻഡ് നോർഡിക് ഗ്രീൻ ലെഫ്റ്റ്, യൂറോപ്യൻ ഫ്രീ അലയൻസ്, കൺസർവേറ്റീവ്സ് ആൻഡ് റിഫോർമിസ്റ്റ്സ്, റെന്യൂ യൂറോപ് ഗ്രൂപ് എന്നീ ആറ് ഗ്രൂപ്പുകളാണ് പ്രമേയം അവതരിപ്പിക്കുന്നത്.
പൗരത്വ നിയമത്തിലെ ഭേദഗതി ആഗോള അടിസ്ഥാനത്തില്‍ അപകടകരമായ നീക്കമാണ്. മനുഷ്യരെ ദുരിതത്തിലേക്ക് തള്ളിവിടുന്നതും വലിയ ജനവിഭാഗത്തെ രാജ്യമില്ലാത്തവരാക്കി മാറ്റുന്നതാണെന്നും അംഗങ്ങള്‍ പറഞ്ഞു. ഇന്ത്യന്‍ ഭരണകൂടം ദേശീയതലത്തില്‍ മതന്യൂനപക്ഷങ്ങളോട് വിവേചനം കാണിക്കുകയും ഉപദ്രവിക്കുകയും അവരില്‍ കുറ്റാരോപണം നടത്തുകയും പ്രതിപക്ഷത്തെയും മനുഷ്യാവകാശ ഗ്രൂപ്പുകളെയും സര്‍ക്കാരിനെ വിമര്‍ശിക്കുന്ന മാധ്യമപ്രവര്‍ത്തകരെയും നിശബ്ദരാക്കുകയും ചെയ്യുന്നു എന്നും അംഗങ്ങള്‍ വിലയിരുത്തി.
ഫലപ്രദവും ശക്തവുമായ മനുഷ്യാവകാശ നടപടികള്‍ സ്വീകരിക്കാന്‍ തയാറാവണമെന്നും യൂറോപ്യന്‍ യൂണിയനോട് അവര്‍ ആവശ്യപ്പെട്ടു. അടുത്ത ആഴ്ച നടക്കാനിരിക്കുന്ന യൂറോപ്യന്‍ യൂണിയന് പാര്‍ലമെന്റിന്റെ സമ്പൂര്‍ണ സമ്മേളനത്തില്‍ പ്രമേയങ്ങൾ അവതരിപ്പിക്കും.