26 January, 2020 11:49:21 AM


രാജ്യം 71-ാം റിപ്പബ്ലിക് ദിനാഘോഷത്തിന്‍റെ നിറവിൽ; സൈനിക കരുത്തില്‍ പരേഡ്



ദില്ലി: 71-ാം റിപ്പബ്കിക് ദിനാഘോഷങ്ങൾക്ക് രാജ്യ തലസ്ഥാനമായ ദില്ലിയിൽ തുടക്കമായി.   ബ്രസീൽ പ്രസിഡന്‍റ് ജെയർ ബൊൾസെനാരൊയാണ് മുഖ്യാതിഥി. ഗേറ്റിലെ അമര്‍ജവാന്‍ജ്യോതിക്ക് പകരം ഇത്തവണ ദേശീയ യുദ്ധസ്മാരകത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വീരമൃത്യുവരിച്ച സൈനികര്‍ക്കുള്ള പുഷ്പചക്രം അര്‍പ്പിച്ചു. സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്ത്, കരസേനാ മേധാവി എം.എം. നരവനെ, നാവിക-വ്യോമസേനാ മേധാവികള്‍ എന്നിവര്‍ പ്രധാനമന്ത്രിയെ അനുഗമിച്ചു. രാഷ്ട്രപതി രാംനാഥ് കോവിന്ദ് രാജ്‌പഥില്‍ പതാക ഉയര്‍ത്തി.


രാജ്യത്തിന്‍റെ സൈനിക ശേഷിയും സാംസ്കാരിക വൈവിദ്ധ്യവും വ്യക്തമാക്കുന്നതായിരിരുന്നു രാജ്‌പഥില്‍ അരങ്ങേറിയ പരേഡ്. പോര്‍വിമാനങ്ങളും ഹെലികോപ്ടറുകളും അണിനിരക്കുന്ന വ്യോമാഭ്യാസ പ്രകടനത്തോടെയാണ് പരേഡ് സമാപിക്കുക. വിവിധ സംസ്ഥാനങ്ങള്‍, കേന്ദ്രഭരണ പ്രദേശങ്ങള്‍, വിവിധ മന്ത്രാലയങ്ങള്‍, വകുപ്പുകള്‍ എന്നിവയുടെ 22 ടാബ്ലോകള്‍ റിപ്പബ്ലിക് ദിന പരേഡില്‍ പങ്കെടുത്തു. കേരളം, പശ്ചിമ ബെംഗാള്‍ എന്നീ സംസ്ഥാനങ്ങളുടെ ടാബ്ലോകള്‍ക്ക് കേന്ദ്രം അനുമതി നിഷേധിച്ചിരുന്നു.



കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍, പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്, ഉപരിതല ഗതാഗതവകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി, പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍, മുതിര്‍ന്ന ബി.ജെ.പി. നേതാവ് എല്‍.കെ.അദ്വാനി, ബി.ജെ.പി. ദേശീയ അദ്ധ്യക്ഷന്‍ ജെ.പി.നദ്ദ, മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്, ഭാര്യ ഗുര്‍ശരണ്‍ കൗര്‍, സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെ, ലോക്‌സഭ സ്പീക്കര്‍ ഓം ബിര്‍ള തുടങ്ങിയവര്‍ രാജ്പഥില്‍ റിപ്പബ്ലിക് ദിന പരേഡ് വീക്ഷിക്കാന്‍ എത്തിയിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K