24 January, 2020 03:37:36 PM
ശരത് പവാറിന്‍റെ സുരക്ഷ കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചു; പ്രതിഷേധവുമായി എന്‍.സി.പി
ദില്ലി: എന്‍.സി.പി അധ്യക്ഷന്‍ ശരത് പവാറിന് ലഭിച്ചിരുന്ന സുരക്ഷ കേന്ദ്രസര്‍ക്കാര്‍ ദില്ലിയില്‍ പിന്‍വലിച്ചതായി പാര്‍ട്ടിയുടെ ആരോപണം. പവാറിന്‍റെ ദില്ലിയിലെ വസതിയായ 6 ജന്‍പഥില്‍ നിയോഗിച്ചിരുന്ന സുരക്ഷാ ഉദ്യോഗസ്ഥര്‍ നാലു ദിവസമായി എത്തുന്നില്ല. സുരക്ഷ പിന്‍വലിച്ചതായി സര്‍ക്കാരില്‍ നിന്നും യാതൊരു ഔദ്യോഗിക അറിയിച്ചും പവാറിന് ലഭിച്ചിട്ടില്ലെന്നും പാര്‍ട്ടി നേതാക്കള്‍ പറയുന്നു.
പവാറിന് ദില്ലിയില്‍ 'വൈ' കാറ്റഗറി സുരക്ഷയും മഹാരാഷ്ട്രയില്‍ 'സെഡ് പ്ലസ്' സുരക്ഷയുമാണ് നല്‍കുന്നത്. എന്നാല്‍ ദില്ലിയിലെ വസതിയില്‍ നിയോഗിച്ചിരുന്ന സുരക്ഷാ ജീവനക്കാര്‍ ജനുവരി 20 മുതല്‍ എത്തുന്നില്ല. ഇക്കാര്യത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തില്‍ നിന്ന് ഒരു ഔദ്യോഗിക അറിയിപ്പും ലഭിച്ചിട്ടില്ലെന്നും ഒരു എന്‍.സി.പി നേതാവ് പറഞ്ഞു. സുരക്ഷ പിന്‍വലിച്ചതായാണ് തോന്നുന്നതെന്നും ഇക്കാര്യത്തില്‍ വിശദീകരണം തേടുമെന്നും എന്‍.സി.പി നേതാവായ ഹേമന്ദ് താക്കില്‍ വ്യക്തമാക്കി.
പവാറിന്‍റെ സുരക്ഷ പിന്‍വലിച്ചെങ്കില്‍ അത് രാഷ്ട്രീയ പകപോക്കല്‍ മാത്രമാണ്. എന്‍.സി.പി ദേശീയ അധ്യക്ഷനായ അദ്ദേഹത്തിന് സുരക്ഷാ ഭീഷണിയുണ്ടെന്നത് യഥാര്‍ത്ഥ്യമാണ്. അവര്‍ ഞങ്ങളെ ഭയപ്പെടുത്താന്‍ നോക്കുകയാണ്. ഞങ്ങള്‍ ഭയപ്പെടില്ല. ഞങ്ങള്‍ പോരാടുക തന്നെ ചെയ്യും. എന്‍.സി.പി മന്ത്രിയും വക്താവുമായ നവാബ് മാലിക് പറയുന്നു. മുന്‍ കേന്ദ്രമന്ത്രിയും നിലവില്‍ രാജ്യസഭാംഗവുമാണ് പവാര്‍.
മഹാരാഷ്ട്ര തെരഞ്ഞെടുപ്പിനു ശേഷം പവാറിന്‍റെ അനന്തരവന്‍ അജിത് പവാര്‍ ബി.ജെ.പിക്ക് പിന്തുണ പ്രഖ്യാപിച്ച് ഉപമുഖ്യമന്ത്രിയായെങ്കിലും അദ്ദേഹത്തെ തിരിച്ച് എന്‍.സി.പിയില്‍ എത്തിച്ചത് ശരത് പവാര്‍ ആയിരുന്നു. ആരെങ്കിലും തെളിവു നല്‍കി പരാതിപ്പെട്ടാല്‍ ജസ്റ്റീസ് ലോയയുടെ മരണത്തില്‍ പുനരന്വേഷണത്തിന് തയ്യാറാണെന്നും പവാര്‍ പറഞ്ഞിരുന്നു