21 January, 2020 09:28:57 PM
ഒടുവിൽ കെജ്‌രിവാളിന് എതിരാളി ആയി; ബിജെപി 67 സീറ്റുകളിലും സ്ഥാനാര്‍ത്ഥികളെ നിശ്ചയിച്ചു
ദില്ലി: ദില്ലി നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള ബിജെപിയുടെ രണ്ടാംഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തുവന്നു. ആകെയുള്ള 70 സീറ്റുകളിൽ 67 എണ്ണത്തിലും ബിജെപി സ്ഥാനാർത്ഥികളെ നിശ്ചയിച്ചു. സുനിൽ യാദവാണ് രണ്ടാം പട്ടികയിലെ ശ്രദ്ധേയ സാന്നിധ്യം. രാജ്യം ഉറ്റുനോക്കുന്ന ന്യൂഡൽഹി നിയമസഭാ സീറ്റിലെ ബിജെപി സ്ഥാനാർത്ഥിയാണ് സുനിൽ യാദവ്. മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി അധ്യക്ഷനുമായ അരവിന്ദ് കെജരിവാളിനെ നേരിടാൻ യുവ നേതാവിനെയാണ് ബിജെപി രംഗത്തിറക്കിയത്.
യുവമോർച്ച ദില്ലി ഘടകം അധ്യക്ഷനാണ് സുനിൽ യാദവ്. മൂന്നു തവണ ദില്ലി മുഖ്യമന്ത്രിയായിരുന്ന ഷീലാ ദീക്ഷിത്തിനെ 2013ൽ കെജരിവാൾ മലർത്തിയടിച്ച മണ്ഡലമാണിത്. തന്‍റെ രാഷ്ട്രീയ പ്രവർത്തനകാലയളവിൽ ഭൂരിഭാഗം സമയവും സുനിൽ യാദവ് ചെലവിട്ടത് രാജ്യതലസ്ഥാനത്തായിരുന്നു. യുവമോർച്ച മണ്ഡലം പ്രസിഡന്‍റായിട്ടായിരുന്നു തുടക്കം. അവിടെ നിന്ന് ദില്ലി ഘടകം പ്രസിഡന്റായി. അഭിഭാഷകൻ കൂടിയായ യുവ നേതാവ് സ്ഥാനാർഥിയായി എത്തുന്നതോടെ മണ്ഡലത്തിലെ യുവവോട്ടർമാരിൽ വലിയൊരു വിഭാഗത്തിന്‍റെ പിന്തുണ ലഭിക്കുമെന്നാണ് ബിജെപിയുടെ പ്രതീക്ഷ.
ആറു മണിക്കൂറിൽ അധികം നീണ്ട കാത്തിരിപ്പിനൊടുവിലാണ് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. വൈകിട്ട് 6.30ഓടെയാണ് കെജരിവാള്‍ പത്രിക സമര്‍പ്പിച്ചത്. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിവസമായ ചൊവ്വാഴ്ച പത്രിക സമര്‍പ്പിക്കാന്‍ ആസാധാരണമായ വിധത്തില്‍ തിരക്ക് അനുഭവപ്പെട്ടതോടെയാണ് പത്രിക നല്‍കാന്‍ കെജരിവാളിന് മണിക്കൂറുകള്‍ കാത്തുനില്‍ക്കേണ്ടിവന്നത്.