04 January, 2019 04:21:12 PM


ദേശീയപതാകയോട് അനാദരവ്: നഗരസഭക്കെതിരെ അന്വേഷണത്തിന് ഡി ജി പിയുടെ നിര്‍ദ്ദേശം



പാലാ: പാലാ നഗരസഭ ദേശീയപതാകയെ അനാദരിച്ചത് അന്വേഷിച്ചു നടപടി സ്വീകരിക്കാന്‍ കോട്ടയം എസ് പി യ്ക്ക് ഡിജിപി നിര്‍ദ്ദേശം നല്‍കി. ദേശീയപതാക കൈകാര്യം ചെയ്യുന്നതു സംബന്ധിച്ച ഫ്‌ളാഗ് കോഡില്‍ വിശദീകരിക്കുന്നതിന് ഘടകവിരുദ്ധമായി മുഷിഞ്ഞതും കളര്‍ മങ്ങിയതുമായ പഴയ ദേശീയപതാകയാണ് നിത്യവും ഉയര്‍ത്തുന്നതിനെതിരെ മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എബി ജെ. ജോസ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഡിജിപിയുടെ നിര്‍ദ്ദേശം. 

നഗരസഭാ കാര്യാലയത്തിനു മുന്നിലെ കൊടിമരത്തില്‍ നിത്യവും ദേശീയപതാക ഉയര്‍ത്തണമെന്ന ചട്ടം നിലനില്‍ക്കുന്നുണ്ട്. ഫ്‌ളാഗ് കോഡിലെ സെക്ഷന്‍ നാല് വകുപ്പ് 3.14, 3.21, സെക്ഷന്‍ അഞ്ച് വകുപ്പ് 3.24 എന്നിവയില്‍ മുഷിഞ്ഞ പതാക ഉയര്‍ത്തുന്നതിനെതിരെ വ്യക്തമാക്കിയിട്ടുണ്ട്. മുഷിഞ്ഞ ദേശീയപതാക മാറ്റണമെന്ന് നഗരസഭാധികൃതരോട് അറിയിച്ചിട്ട് ആഴ്ചകള്‍ പിന്നിട്ടിട്ടും നടപടി സ്വീകരിക്കാത്തതു കൊണ്ടാണ് പരാതി നല്‍കേണ്ടി വന്നതെന്ന് ഫൗണ്ടേഷന്‍ വ്യക്തമാക്കി. 

പാലായില്‍ ദേശീയപതാക ഉയര്‍ത്താന്‍ അനുമതിയുള്ള ഏക സ്ഥാപനമാണ് പാലാ നഗരസഭ. ദേശീയപതാക അനാദരിക്കപ്പെടാന്‍ ഇടയായ സംഭവം ഖേദകരമാണെന്നും ഫൗണ്ടേഷന്‍ പറഞ്ഞു. അധികൃതര്‍ ദേശീയപതാകയുടെ മഹത്വം മനസ്സിലാക്കണമെന്നും ഫൗണ്ടേഷന്‍ ഓര്‍മ്മിപ്പിച്ചു. ഡി.ജി.പി., ജില്ലാ പോലീസ് സൂപ്രണ്ട്, പാലാ ഡി വൈ എസ് പി, പാലാ സി ഐ എന്നിവര്‍ക്കാണ് പരാതി നല്‍കിയത്. പരാതി അന്വേഷിച്ചു നടപടി സ്വീകരിക്കാന്‍ കോട്ടയം എസ് പി യ്ക്ക് ഡിജിപി നിര്‍ദ്ദേശം നല്‍കിയതായി പോലീസ് ഹെഡ്ക്വാര്‍ട്ടേഴ്‌സില്‍ നിന്നും അറിയിച്ചതായി എബി ജോസ് പത്രക്കുറിപ്പില്‍ പറഞ്ഞു.





Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.5K