
കൊച്ചി: മലയാള സിനിമാ സംവിധായകന് ദീപന് അന്തരിച്ചു. 45 വയസ്സായിരുന്നു. വൃക്കരോഗത്തെ തുടര്‍ന്ന് ഏതാനും നാളുകളായി ചികിത്സയില്‍ ആയിരുന്നു ദീപന്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു മരണം. സംസ്കാരം നാളെ തിരുവനന്തപുരത്ത് നടക്കും.
മലയാള സിനിമാ രംഗത്ത് വലിയ പ്രതീക്ഷകള്‍ നല്കിയ ദീപന് ഈ ചുരുങ്ങിയ പ്രായത്തിനിടെ തന്നെ ശ്രദ്ധേയമായ ഒരുപാട് ചിത്രങ്ങള്‍ ഒരുക്കാന്‍ സാധിച്ചു. പൃഥ്വിരാജ് നായകനായി എത്തിയ കാമ്പസ് ചിത്രമായ പുതിയ മുഖമാണ് ദീപനെ ശ്രദ്ധേയനാക്കിയ ഒരു ചിത്രം. പൃഥ്വിരാജിനൊപ്പം ബാല, പ്രിയാമണി, മീര നന്ദന് തുടങ്ങിയവര്‍ പ്രധാന വേഷങ്ങള്‍ അവതരിപ്പിച്ച പുതിയ മുഖം വലിയ ഹിറ്റായിരുന്നു. ദീപന്റെ ശ്രദ്ധേയമായ ചിത്രങ്ങളില്‍ ഒന്നായിരുന്നു ദി ഡോള്‍ഫിന്‍ സ്റ്റോറി. സുരേഷ് ഗോപി, അനൂപ് മേനോന്, മേഘ്ന രാജ് എന്നിവര്‍ മുഖ്യവേഷത്തിലെത്തിയ ചിത്രം വലിയ ശ്രദ്ധ നേടിയിരുന്നു.

2003 ല്‍ ലീഡര്‍ എന്ന ചിത്രത്തിലൂടെയാണ് ദീപന് മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. വിജയകുമാര്‍ സിദ്ദിഖ്, വിജയരാഘവന്, സായികുമാര്‍ തുടങ്ങിയവരായിരുന്നു ലീഡറിലെ പ്രധാന വേഷങ്ങളില്‍. ചിത്രം പക്ഷേ ശ്രദ്ധിക്കപ്പെട്ടില്ല. ലീഡറിനും പുതിയ മുഖത്തിനും ശേഷം ഹീറോ, സിം, ഡി കംപനിയിലെ ഗാംഗ്സ് ഓഫ് വടക്കും നാഥന്, ഡോള്‍ഫിന്‍ ബാര്‍ എന്നീ ചിത്രങ്ങളും ദീപന് സംവിധാനം ചെയ്തു. ഇതുവരെയായി ആറ് ചിത്രങ്ങള്‍ ദീപന് സംവിധാനം ചെയ്തു.
ജയറാം മുഖ്യവേഷത്തില്‍ എത്തുന്ന സത്യയാണ് ദീപന്റെ ഏറ്റവും ഒടുവിലത്തെ ചിത്രം. ഈ ചിത്രം ഇനിയും റിലീസായിട്ടില്ല. എ കെ സാജനാണ് സത്യയ്ക്ക് വേണ്ടി തിരക്കഥ ഒരുക്കിയിരിക്കുന്നത്. ജയറാമിനൊപ്പം റോമ, വിജയരാഘവന് തുടങ്ങിയവര്‍ പ്രമുഖ വേഷങ്ങളില്‍ അഭിനയിക്കുന്ന ആക്ഷന്‍ ചിത്രമാണിത്.
ആദ്യചിത്രമായ ലീഡര്‍ സംവിധാനം ചെയ്യുന്നതിന് മുമ്പ് അസിസ്റ്റന്റ് ഡയറക്ടറായിരുന്നു ദീപന്. മമ്മൂട്ടിയുടെ ഷാജികൈലാസ് ചിത്രമായ വല്യേട്ടന്, സുരേഷ് ഗോപി ചിത്രങ്ങളായ ടൈഗര്‍, സൗണ്ട് ഓഫ് ബൂട്ട് എന്നീ ചിത്രങ്ങളുടെ അസോസിയേറ്റ് ഡയറക്ടറായിരുന്നു ദീപന്.