13 January, 2016 12:26:01 AM


ഇലവീഴാപൂഞ്ചിറ ; മാമലകള്‍ക്കിടയില്‍ ഒരു സായാഹ്നം



കോട്ടയം ജില്ലയിലെ ഒരു വിനോദസഞ്ചാരകേന്ദ്രമാണ് ഇലവീഴാപൂഞ്ചിറ. കാര്യമായി ജനശ്രദ്ധ ആകർഷിച്ചിട്ടില്ലാത്ത ഈ വിനോദസഞ്ചാര മേഖല ഇടുക്കി, കോട്ടയം ജില്ലകളുടെ അതിർത്തിയിലാണ്. സമുദ്ര നിരപ്പിൽ നിന്നും ഏതാണ്ട് 3200 അടി ഉയരത്തിലാണ് ഈ പ്രദേശം. നാല് മലകളുടെ മദ്ധ്യഭാഗത്ത് സ്ഥിതിചെയ്യുന്ന ഈ പ്രദേശത്ത് മരങ്ങളൊന്നുമില്ലാത്തതിനാലാണ്‌ ഈ പേര് വന്നത്.

കോട്ടയത്തു നിന്നും 55 കിലോമീറ്റർ അകലെയാണ് ഇലവീഴാപൂഞ്ചിറ. എന്നാൽ ഇടുക്കി ജില്ലയിലെ തൊടുപുഴയിൽ നിന്ന് 20 കിലോമീറ്റർ യാത്ര ചെയ്താൽ ഇവിടെയെത്താം. തൊടുപുഴയിൽ - മൂലമറ്റം റോഡില്‍ കാ‍‍ഞ്ഞാർ ഗ്രാമത്തില്‍ നിന്നും വലത്തോട്ട് 7 കിലോമീറ്റർ സഞ്ചരിച്ചാൽ ഇലവീഴാപൂഞ്ചിറയിലെത്താം. പാലായിൽനിന്നും ഇലവീഴാപൂഞ്ചിറയിലേക്ക് എത്തിച്ചേരാവുന്നതാണ്.  

ഇലവീഴാപൂഞ്ചിറ നമുക്ക് തരുന്ന പ്രധാനകാഴ്ച ഉയരക്കാഴ്ചയാണ്. എപ്പോഴും കോട ഒഴുകി നീങ്ങിക്കൊണ്ടിരിക്കും. ഇടയ്ക്ക് വരുന്ന ഒഴിവില്‍ ആണ് നമുക്ക് ദൃശ്യഭംഗി കിട്ടുക ഇവിടുത്തെ ഒരു പ്രധാന ചെടിയാണ് ഈന്തല്‍. പഴുത്ത ഈന്തലിന് ഒരു കാരപ്പഴത്തിന്‍റെ സ്വാദാണ് താഴ്വാരത്ത് സ്ഥിതിചെയ്യുന്ന കാഞ്ഞാര്‍, അറക്കുളം ടൗണുകളും, കാഞ്ഞാര്‍ പുഴയും അതിനു കുറുകേയുള്ള പാലവും മനോഹരമായ കാഴ്ച  പ്രദാനം ചെയ്യുന്നു. ഇങ്ങേമലയില്‍ നിന്നും വിളിച്ചുപറയുന്നതിന്റെ പ്രതിധ്വനി അങ്ങേമലയില്‍ തട്ടി തിരിച്ചുവരും. അകലെ മാമലകള്‍ അടുക്കിയടുക്കി വച്ചിരിക്കുന്ന കാഴ്ച കുന്നിന്മുകളിലേക്കുള്ള യാത്രയില്‍ ഏറ്റവും ആകര്‍ഷണീയമായ ഒന്നാണ്,  

ആനക്കയം, നാടുകാണി, തുമ്പിച്ചി കുരിശുമല, തൊടുപുഴ, മലങ്കര ഡാം, ഉറവപ്പാറ, കുളമാവ് ഡാം, ഇല്ലിയ്ക്കല്‍ കല്ല്, എന്നീ സ്ഥലങ്ങളാല്‍ ഈ ഹരിതസുന്ദരനിശബ്ദഭൂമി ചുറ്റപ്പെട്ട് കിടക്കുന്നു. ട്രെക്കിങ്ങ് ഇഷ്ടപ്പെടുന്നവര്‍ക്കായുള്ളതാണീ പ്രദേശം. ഇവിടെ വരുമ്പോള്‍ ഏകദേശം നാലുമണിയോടടുത്ത് വരണം. ഭക്ഷണവും, കുടിവെള്ളവും കരുതണം. സാഹസികത ഇഷ്ടപ്പെടുന്നവര്‍ക്ക് ഈ വഴിയിലൂടെ ഒരു ഡ്രൈവ് ആകാം. അതും ജീപ്പില്‍ മാത്രം.വയര്‍ലസ്സ് സ്റ്റേഷനുമപ്പുറത്തെ മലയുടെ അപ്പുറത്തെ വശത്തായി ഒരു ഗുഹയും ക്ഷേത്രവും കുളവും ഉണ്ട്.

ആരണ്യവാസ കാലഘട്ടത്തിനിടയിലെപ്പോഴോ പഞ്ചപാണ്ഡവന്മാരും, അവരുടെ പത്നിയായ പാഞ്ചാലിയും ഈ പുല്‍മേട്ടിലെത്തുകയുണ്ടായി. ആ കാലഘട്ടത്തില്‍ പാഞ്ചാലി ഇവിടെയുള്ള ഒരു ചോലയില്‍ നീരാടിയിരുന്നുവെന്നും, ആ ചോല ഉള്‍പ്പെട്ട പ്രദേശമായതിനാലാവണം ഈ സ്ഥലത്തിന് 'ഇലവീഴാപൂഞ്ചിറ' എന്ന പേര്‍ ലഭിച്ചതെന്നും ഐതീഹ്യം! ദേവന്‍മാരുടെ രാജാവായ ഇന്ദ്രന്‍ തടാകത്തിനു മറയായി സൃഷ്ടിച്ചതാണത്രെ ചുറ്റുമുള്ള 3 മലകള്‍. ലോകത്തിലെ തന്നെ സുന്ദരമായ ഭുമിയില്‍ ആരുടെയും ശല്യം ഇല്ലാതെ മണിക്കുറുകളോളം ചിലവിടാന്‍ പറ്റിയ ഒരു സ്ഥലം ആണിത്.  



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.8K