20 November, 2023 09:22:43 AM
വിശാഖപട്ടണം ഹാര്‍ബറില്‍ വന്‍ തീപിടിത്തം; കോടികളുടെ നഷ്ടം
വിശാഖപട്ടണം: ഹാര്‍ബറില്‍ കഴിഞ്ഞദിവസം അര്‍ദ്ധരാത്രിയില്‍ വന്‍ തീപിടിത്തം. 23 മത്സ്യബന്ധന ബോട്ടുകളാണ് കത്തി നശിച്ചത്. ഏകദേശം മുപ്പത് കോടിയുടെ നാശനഷ്ടമുണ്ടായതായാണ് കണക്ക്. സാമൂഹിക വിരുദ്ധരാണ് ബോട്ടുകള്‍ക്ക് തീയിട്ടതെന്നാണ് മത്സ്യതൊഴിലാളികള്‍ സംശയിക്കുന്നത്.
പ്രദേശത്തെ ഞെട്ടിക്കുന്ന ദൃശ്യങ്ങളില്‍ ഫയര്‍ഫോഴ്‌സ് തീയണയ്ക്കാന്‍ കിണഞ്ഞു പരിശ്രമിക്കുന്നത് കാണാം. ആകെയുള്ള ജീവിതമാര്‍ഗം കത്തിനശിക്കുന്നത് കണ്ടുകൊണ്ട് നിസഹായരായി നില്‍ക്കുന്ന മത്സ്യതൊഴിലാളികളും ദൃശ്യത്തിലുണ്ട്.
തീപടര്‍ന്നതോടെ ബോട്ടിന്റെ ഇന്ധടാങ്കുകള്‍ പൊട്ടിത്തെറിച്ചത് പ്രദേശത്ത് ഭീതിപരത്തുകയും ചെയ്തു. കഴിഞ്ഞ ദിവസം രാത്രി 11.30നാണ് തീപിടിത്തം ശ്രദ്ധയില്‍പ്പെട്ടത്. ബോട്ടുകളിലുണ്ടായിരുന്ന സിലിണ്ടറുകളും വന്‍ ശബ്ദത്തോടെ പൊട്ടിത്തെറിച്ചു.