28 September, 2023 12:24:23 PM


മോഷണക്കുറ്റം ആരോപിച്ച് മാനസികവെല്ലുവിളി നേരിടുന്ന യുവാവിനെ തല്ലിക്കൊന്നു; 7 പേര്‍ അറസ്റ്റില്‍



ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ആൾക്കൂട്ടക്കൊലയിൽ പ്രായപൂർത്തിയാവത്ത ഒരാളുൾപ്പെടെ ഏഴുപേർ അറസ്റ്റിൽ. മോഷണക്കുറ്റം ആരോപിച്ച് 26കാരനായ ഐസർ അഹമ്മദ് എന്ന യുവാവിനെ ചൊവ്വാഴ്ചയാണ് അടിച്ച് കൊന്നത്. മരിച്ച യുവാവ് മാനസിക വെല്ലുവിളി നേരിട്ടിരുന്നതായും പോലീസ് വ്യക്തമാക്കി. 

സംഭവത്തിന്‍റെ വീഡിയോ അടക്കം വ്യാപകമായി പ്രചരിച്ചിരുന്നു. യുവാവിന്‍റെ അച്ഛൻ പരാതി നൽകിയതിനെ തുടർന്ന് പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഏഴ് പേരാണ് പ്രതികൾ. കമൽ, മനോജ്, പപ്പു, കിഷൻ, ലക്കി, യൂനസ് എന്നിവരും പ്രായപൂർത്തിയാകാത്ത ഒരാളും പ്രതികളിൽ ഉൾപ്പെടുന്നു. 

മാനസിക വെല്ലുവിളി നേരിടുന്ന ആളാണ് കൊല്ലപ്പെട്ട യുവാവ്. അതുകൊണ്ട് തന്നെ മോഷണക്കുറ്റം ആരോപിച്ച് ചോദിച്ച ചോദ്യങ്ങൾക്കൊന്നും ഇയാൾക്ക് കൃത്യമായി ഉത്തരം നൽകാൻ കഴിഞ്ഞിരുന്നില്ല എന്ന് പൊലീസ് പറയുന്നു. 

വൈദ്യുത തൂണിൽ കെട്ടിയിട്ട് അടിക്കുകയായിരുന്നു. പിന്നീട് അയൽവാസിയുടെ സഹായത്തോടെയാണ് ഇയാളെ വീട്ടിലേക്ക് കൊണ്ടുപോകുന്നത്. കുറച്ചു മണിക്കൂറുകൾക്കുള്ളിൽ ഇയാൾ മരണപ്പെടുകയായിരുന്നു. 

സംഭവത്തിൽ ഇനിയും പ്രതികളുണ്ടെന്നാണ് പൊലീസ് പറയുന്നത്. അന്വേഷണം പുരോ​ഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു. 


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K