22 September, 2023 05:31:45 PM
ഉത്തര്‍പ്രദേശില്‍ പൊലീസുകാരിയെ ആക്രമിച്ച കേസ്; പ്രതികളിലൊരാൾ കൊല്ലപ്പെട്ടു
ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ വനിതാ പൊലീസുകാരിയെ ട്രെയിനില്‍വെച്ച് ആക്രമിച്ച കേസിൽ പ്രതികളിലൊരാള്‍ കൊല്ലപ്പെട്ടു. കേസിലെ മുഖ്യപ്രതിയായ അനീസ് ഖാന്‍ ആണ് കൊല്ലപ്പെട്ടത്. പൊലീസുമായുള്ള ഏറ്റുമുട്ടലിൽ ആസാദ്, വിശംബര്‍ ദയാല്‍ ദുബെ എന്നിവർക്ക് പരിക്കേറ്റിരുന്നു. ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്. ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ടെന്ന് യു.പി പൊലീസ് അറിയിച്ചു.
ഉത്തര്‍പ്രദേശ് പോലീസും ലഖ്‌നൗ സ്‌പെഷ്യല്‍ ടാസ്ക് ഫോഴ്‌സും ചേര്‍ന്ന് ഇനായത്ത് മേഖലയില്‍ ഇന്ന് രാവിലെ നടത്തിയ പരിശോധനയ്ക്കിടെയാണ് പ്രതികളുമായി ഏറ്റുമുട്ടലുണ്ടായത്. ഏറ്റുമുട്ടലിൽ ഒരു പോലീസുകാരന് പരിക്കേറ്റു. വെടിയേറ്റതിനെത്തുടർന്നാണ് അനീസ് ഖാന്‍ കൊല്ലപ്പെട്ടത്.
ഓഗസ്റ്റ് 30-നാണ് കേസിനാസ്പദമായ സംഭവം. സരയു എക്‌സ്പ്രസില്‍ യാത്ര ചെയ്യുകയായിരുന്ന പൊലീസുകാരിക്ക് നേരേ അയോധ്യ സ്റ്റേഷന് സമീപത്തുവെച്ച് ആക്രമണമുണ്ടാകുകയായിരുന്നു. മാരകമായി പരിക്കേറ്റ പൊലീസ്‌കാരിയെ റെയില്‍വേ പൊലീസാണ് കണ്ടെത്തിയത്. ഉടൻ തന്നെ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു