19 September, 2023 03:36:20 PM
കാമുകനായി എടുത്ത ലോണിന് ഇഎംഐ അടയ്ക്കാൻ പണം നൽകിയില്ല; 25കാരി ജീവനൊടുക്കി
പൂന: ലോണിന്‍റെ വായ്പ തിരിച്ചടയ്ക്കാന്‍ കാമുകന്‍ പണം നല്‍കാതിരുന്നതിനെ തുടര്‍ന്നു യുവതി ആത്മഹത്യ ചെയ്തു. പൂനൈലാണ് സംഭവം. പൂനൈയിലെ വിമാന്‍ നഗറിലെ ഐടി സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന രസിക രവീന്ദ്ര ദിവാട്ടെ (25) കാമുകന് വേണ്ടിയാണ് ബാങ്കില്‍നിന്നു ലോണ്‍ എടുത്തത്. ലോണിന് പുറമേ ഒരു കാറും വാങ്ങി നല്‍കിയിരുന്നു.
എന്നാല്‍ ഇതിന്‍റെയൊന്നും ഇഎംഐ അടയ്ക്കാന്‍ കാമുകന്‍ പണം നല്‍കാതിരുന്നതിനെ തുടര്‍ന്നു രസിക ജീവനൊടുക്കുകയായിരുന്നു. ഒരേ കമ്പനിയില്‍ ജോലി ചെയ്തിരുന്ന രസികയും ആദര്‍ശും ഈ വര്‍ഷം ജനുവരി മുതല്‍ പ്രണയത്തിലായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഏപ്രിലില്‍ ആദര്‍ശിനായി രസിക ഒരു കാര്‍ വാങ്ങുകയും ഡൗണ്‍ പേയ്മെന്‍റ് തുക നല്‍കുകയും ചെയ്തു.
ഈ തുക തിരിച്ചടയ്ക്കാമെന്നും വായ്പയുടെ ഇഎംഐ അടയ്ക്കാമെന്നും ആദര്‍ശ് ഉറപ്പു നല്‍കിയതിനെ തുടര്‍ന്ന് രസിക തന്റെ ക്രെഡിറ്റ് കാര്‍ഡില്‍നിന്ന് മൊത്തം 3 ലക്ഷം രൂപ വായ്പയെടുക്കുകയും പണം ആദര്‍ശിനു കൈമാറുകയും ചെയ്തു, കൂടാതെ 2.75 ലക്ഷം രൂപ വ്യക്തിഗത വായ്പയും നല്‍കി. ആദര്‍ശിനായി വായ്പാ ആപ്പുകള്‍ വഴിയും രസിക ലോണ്‍ എടുത്തിരുന്നു.
സ്വകാര്യ ആശുപത്രിയില്‍ നഴ്സായി ജോലി ചെയ്യുന്ന രസികയുടെ അമ്മയുടെ പരാതിയില്‍ മഞ്ജരിയിലെ ഇസഡ് കോര്‍ണറില്‍ താമസിക്കുന്ന കാമുകന്‍ ആദര്‍ശ് അജയ്കുമാര്‍ മേനോനെ ഹഡപ്സര്‍ പൊലീസ് അറസ്റ്റ് ചെയ്തു.