09 September, 2023 12:36:33 PM
ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു അറസ്റ്റില്‍
അമരാവതി: ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രിയും തെലുഗു ദേശം പാർട്ടി( ടിഡിപി) അധ്യക്ഷനുമായ ചന്ദ്രബാബു നായിഡുവും മകന്‍ നാരാ ലോകേഷും അറസ്റ്റില്‍. അഴിമതിക്കേസിൽ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് അറസ്റ്റ്.
ഇന്ന് രാവിലെ ആറു മണിയോടെ നന്ത്യൽ പൊലീസിലെ സിഐഡി വിഭാഗമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. നൈപുണ്യ വികസന പദ്ധതിയുമായി ബന്ധപ്പെട്ട അഴിമതിക്കേസിലാണ് അറസ്റ്റെന്ന് നന്ത്യാൽ ഡിഐജി രഘുറാമി റെഡ്ഡി അറിയിച്ചു.
ടിഡിപിയുടെ യുട്യൂബ് ചാനലിന്‍റെ സംപ്രേക്ഷണവും പൊലീസ് തടഞ്ഞു. നന്ത്യാൽ ഡിഐജിയുടെ നേതൃത്വത്തിലുള്ള ഒരു സംഘം പൊലീസ് പുലർച്ചെ മൂന്നു മണിയോടെ നായിഡുവിനെ കാണാനെത്തിയത്. നഗരത്തിലെ ടൗൺ ഹാളിൽ ഒരു പരിപാടിക്കു ശേഷം തന്‍റെ കാരവനിൽ വിശ്രമിക്കുകയായിരുന്നു നായിഡു.
സംഭവസ്ഥലത്തുണ്ടായിരുന്ന ടിഡിപി പ്രവർത്തകർ കനത്ത പ്രതിഷേധം ഉയർത്തിയെങ്കിലും പൊലീസ് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. നായിഡുവിനെ മെഡിക്കൽ പരിശോധനകൾക്കു ശേഷം വിജയവാഡയിലേക്ക് മാറ്റും.