30 August, 2023 03:52:07 PM
പടക്ക സംഭരണ ശാലയില്‍ തീപിടുത്തം; മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം
ബംഗ്ലൂരു: പടക്ക സംഭരണ ശാലയിലുണ്ടായ തീപിടിത്തത്തില്‍ മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം. കര്‍ണാടകയിലെ ഹാവേരി ജില്ലയിലാണ് സംഭവം. വെയർഹൗസിനുള്ളിൽ പൂർണമായി കത്തിക്കരിഞ്ഞ നിലയിലാണ് മൂന്ന് പേരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
ഹവേരി-ഹനഗൽ മെയിൻ റോഡിലെ ആലടകട്ടി ഗ്രാമത്തില്‍ പ്രവര്‍ത്തിച്ചിരുന്ന പടക്ക സംഭരണശാലയിലാണ് തീപിടിത്തമുണ്ടായത്. കടേനഹള്ളി ഗ്രാമത്തിൽ നിന്നുള്ള ദ്യാമപ്പ ഒലേകർ (45), രമേഷ് ബാർക്കി (23), ശിവലിംഗ അക്കി (25) എന്നിവരാണ് മരിച്ചത്.
ഉത്സവ സീസണിൽ, പ്രത്യേകിച്ച് വരാനിരിക്കുന്ന ഗണേശ ചതുർത്ഥി, ദസറ, പ്രധാനമായും ദീപാവലി ആഘോഷങ്ങള്‍ക്കായാണ് സംഭരണശാലയില്‍ പടക്കങ്ങള്‍ സൂക്ഷിച്ചിരുന്നത്. മരിച്ച മൂന്ന് പേർക്കൊപ്പം ഗോഡൗണിലുണ്ടായിരുന്ന യുവാവ് മൂന്നാം നിലയിൽ നിന്ന് ചാടി രക്ഷപ്പെടുകയായിരുന്നു. എന്നാല്‍, വീഴ്ചയില്‍ യുവാവിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ദാവൻഗരെ ജില്ലയിലെ ഹരിഹര സ്വദേശിയായ യുവാവ് ഇപ്പോള്‍ ആശുപത്രിയിൽ ചികിത്സയിലാണ്.