13 May, 2023 01:28:16 PM
ബിജെപിയെ മലർത്തിയടിച്ചു; കര്‍ണാടകയില്‍ ശക്തമായ തിരിച്ചുവരവുമായി കോണ്‍ഗ്രസ്
ബെംഗളൂരു: കർണാടകയിൽ ബിജെപിയെ മലർത്തിയടിച്ച് കോൺഗ്രസ്. ലീഡ് നില കോൺഗ്രസ് - 134, ബിജെപി- 65, ജെഡിഎസ് -22, മറ്റുള്ളവർ -3 . ലീഡ് നിലയില്‍ ഭൂരിപക്ഷം കണ്ട് തുടങ്ങിയപ്പോള്‍ മുതല്‍ കോൺഗ്രസ് കേന്ദ്രങ്ങളിൽ ആഘോഷങ്ങൾ തുടങ്ങിരുന്നു. കർണാടകയിലെ വിജയം വരുന്ന ലോകസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് വലിയ ഊർജം നല്‍കുമെന്നാണ് വിലയിരുത്തുന്നത് . ഒപ്പം പ്രവർത്തകർക്ക് ആത്മവിശ്വാസവും ആവേശവും
.
കർണാടകയിൽ വൻവിജയവുമായി കോൺഗ്രസ് മുന്നേറുമ്പോൾ, ഹീറോയാകുന്നത് സംസ്ഥാന അധ്യക്ഷൻ ഡി.കെ. ശിവകുമാർ തന്നെ. സംസ്ഥാനത്തുടനീളം ഓടി നടന്ന് തന്ത്രങ്ങൾ മെനയുന്നതിനിടെ സ്വന്തം മണ്ഡലമായ കനകപുരയിൽ അദ്ദേഹത്തിന് പ്രചാരണത്തിന് ഇറങ്ങാൻ കഴിഞ്ഞത് ഒരേഒരുനാൾ. പക്ഷെ സ്നേഹം വോട്ടായി വാരിക്കോരി നൽകി മണ്ഡലത്തിലെ ജനം. ഒരു ലക്ഷത്തിലേറെ ഭൂരിപക്ഷത്തിലാണ് ശിവകുമാർ ജയിച്ചത്.
പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ ജനകീയ നേതാവായി കളംനിറഞ്ഞു നിന്നപ്പോള്‍ തന്റെ പണിപ്പുരയില്‍ തന്ത്രങ്ങൾ മെനയുന്ന തിരക്കിലായിരുന്നു ഡി കെ ശിവകുമാര്‍. ഇനിയൊരു തിരിച്ചുവരവുണ്ടാവില്ലെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പോലും അടക്കം പറയുമ്പോഴും 130ന് മുകളില്‍ സീറ്റുകള്‍ പാര്‍ട്ടിക്ക് ലഭിച്ചിരിക്കുമെന്ന് യാതൊരു ആത്മവിശ്വാസക്കുറവുമില്ലാതെ ശിവകുമാര്‍ ഉറക്കെ പറഞ്ഞു.
കർണാടകയിൽ കോൺഗ്രസ് സർക്കാർ രൂപീകരിച്ചാൽ ആരാകും മുഖ്യമന്ത്രി എന്നതടക്കമുള്ള ചർച്ചകളും ഇതിനകം ഉയർന്നു കഴിഞ്ഞു. കർണാടക കോൺഗ്രസിലെ ചാലകശക്തികളായ സിദ്ധരാമയ്യയുടേയും ഡികെ ശിവകുമാറിന്‍റെയും പേരുകൾ തന്നെയാണ് ഉയർന്നു കേൾക്കുന്നത്. തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ ഇരു നേതാക്കളേയും ചേർത്തു നിർത്തി ഒറ്റക്കെട്ടായി പ്രവർത്തിക്കാൻ ഗാന്ധി കുടുംബം പരമാവധി ശ്രമിച്ചിട്ടുണ്ട്. ഈ ശ്രമം പാഴായില്ലെന്നാണ് കര്‍ണ്ണാടകയിലെ വിജയം തെളിയിക്കുന്നത്.
ഇതിനകം തന്‍റെ പിതാവ് തന്നെ മുഖ്യമന്ത്രിയാകുമെന്ന വാദവുമായി സിദ്ധരാമയ്യയുടെ മകന്‍ യതീന്ദ്ര സിദ്ധരാമയ്യ രംഗത്തെത്തിയിട്ടുണ്ട്. 2023 ലേത് തന്‍റെ അവസാന തെരഞ്ഞെടുപ്പായിരിക്കുമെന്ന് സിദ്ധരാമയ്യ പ്രഖ്യാപിക്കുകയും ചെയ്ത സാഹചര്യത്തിൽ വിധാൻ സൗധയുടെ നായകനാകാൻ അവസാന നിമിഷം വരെ അദ്ദേഹം ശ്രമിക്കുമെന്ന് ഉറപ്പാണ്.
മറുവശത്ത്, ഡികെ ശിവകുമാറും ശക്തനാണ്. തന്‍റെ കഠിനാധ്വാനത്തിന്‍റെ കൂടി ഫലമാണ് കർണാടകയിൽ കോൺഗ്രസിന്‍റെ പുഞ്ചിരിയെന്ന ഉറച്ച ബോധ്യം ശിവകുമാറിനുമുണ്ട്. പാർട്ടിയാണ് തനിക്ക് ഒന്നാമതെന്നും മുഖ്യമന്ത്രി സ്ഥാനം പിന്നീടു മാത്രമേയുള്ളൂവെന്നുമാണ് ഡികെ പരസ്യമായി പറഞ്ഞ നിലപാട്. മുഖ്യമന്ത്രി വിഷയത്തിൽ പാർട്ടി എടുക്കുന്ന ഏത് തീരുമാനവും അനുസരിക്കുമെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്. ഇതും ഒരു മുഴം മുമ്പേയുള്ള ഡികെ തന്ത്രമാണെന്നാണ് വിലയിരുത്തൽ.
തെരഞ്ഞെടുപ്പ് ഫലം അനുകൂലമാണെന്ന് തിരിച്ചറിഞ്ഞതു മുതൽ ബിജെപിക്ക് ഇനിയൊരു അവസരം നൽകരുതെന്ന ഉറച്ച തീരുമാനത്തിൽ തന്നെയാണ് ഡികെ. ഭൂരിപക്ഷം ലഭിച്ചില്ലെങ്കിലും സർക്കാർ ഉണ്ടാക്കുമെന്ന് ബിജെപി കഴിഞ്ഞ ദിവസവും വ്യക്തമാക്കിയ സാഹചര്യത്തിൽ എല്ലാ പഴുതുകളും അടച്ച് മുൻ അബദ്ധങ്ങളിൽ നിന്ന് പാഠങ്ങൾ പഠിച്ചാണ് ഡികെ ശിവകുമാറിന്‍റെ നീക്കങ്ങൾ.
പുതിയ റിപ്പോർട്ടുകൾ അനുസരിച്ച്, കോൺഗ്രസ് എംഎൽഎമാരെ സംരക്ഷിക്കാൻ എല്ലാവരേയും ബാംഗ്ലൂരിലേക്ക് മാറ്റുമെന്നാണ് അറിയുന്നത്.