09 May, 2023 09:53:44 AM
ശക്തമായ പോരാട്ടത്തിന് കർണാടകം: ഇന്ന് നിശബ്ദ പ്രചരണം, വിധിയെഴുത്ത് നാളെ
ബെംഗളുരു: കർണാടകയിൽ വിധിയെഴുത്തിന് ഇനി ഒരു ദിവസം കൂടി. നാളെയാണ് കർണാടകയിൽ നിയമസഭാ തെരഞ്ഞെടുപ്പ്. ഇന്ന് നിശബ്ദ പ്രചരണം. മെയ് 13 നാണ് വോട്ടെണ്ണൽ. സംസ്ഥാനത്ത് അധികാരം നിലനിർത്താനുള്ള കഠിന ശ്രമത്തിലാണ് ബിജെപി. എന്നാൽ, സോണിയാ ഗാന്ധിയേയും മല്ലികാർജുൻ ഖാർഗേയും രംഗത്തിറക്കി കോൺഗ്രസും ശക്തമായ മത്സരത്തിലാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും അടക്കം ബിജെപിക്കു വേണ്ടി കർണാടകത്തിൽ പ്രചരണത്തിന് എത്തി.
9.17 ലക്ഷം കന്നി വോട്ടർമാർ അടക്കം 5.2 കോടി വോട്ടർമാരാണ് കർണാടകത്തിലുള്ളത്. ജനവിധി തേടുന്നത് 2,613 സ്ഥാനാർത്ഥികളാണ്. ഇതിൽ 185 പേർ വനിതകളാണ്. ബിജെപി-224, കോൺഗ്രസ്-223, ജെഡിഎസ്-207 എന്നിങ്ങനെയാണ് സ്ഥാനാർത്ഥികളുടെ എണ്ണം. ആകെ 58,282 പോളിങ് സ്റ്റേഷനുകളാണ് സംസ്ഥാനത്ത് ഒരുക്കിയിരിക്കുന്നത്.
ആവേശം നിറഞ്ഞ കൊട്ടിക്കലാശത്തിനൊടുവിൽ ഓരോ വീട്ടിലും കയറി വോട്ടുറപ്പിക്കാനുള്ള ശ്രമമാകും സ്ഥാനാർത്ഥികൾ ഇന്ന് നടത്തുക. നിശ്ശബ്ദ പ്രചരണ ദിവസം മുൻകൂർ അനുമതിയില്ലാതെ പത്രങ്ങളിലടക്കം പരസ്യം നൽകരുതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ പാർട്ടികൾക്ക് നിർദേശം നൽകിയിട്ടുണ്ട്. അവസാന ഘട്ടത്തിൽ ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദ ബിജെപിയുടെ പ്രചരണത്തിന് നേതൃത്വം നൽകിയപ്പോൾ രാഹുൽ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും കോൺഗ്രസ് റാലികളിൽ സജീവമായി പങ്കെടുത്തിരുന്നു.
ഇന്നലെ കൊട്ടിക്കലാശ ദിവസം പരസ്പരം ആരോപണങ്ങളുന്നയിച്ച് കോൺഗ്രസും ബിജെപിയും തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരുന്നു. കർണാടകയുടെ പരമാധികാരത്തിന് മേൽ കൈകടത്താൻ ഒരു ശക്തിയെയും അനുവദിക്കില്ലെന്ന സോണിയാ ഗാന്ധിയുടെ പ്രസ്താവന ഇന്ത്യാ വിരുദ്ധമാണെന്ന് കാട്ടി കേന്ദ്രമന്ത്രി ശോഭാ കരന്തലജെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി. കർണാടകയെ ഇന്ത്യയിൽ നിന്ന് ഭിന്നിപ്പിക്കാനാണ് ടുക്ഡേ ടുക്ഡേ ഗ്യാംഗിൽ ഉൾപ്പെട്ട കോൺഗ്രസ് ശ്രമിക്കുന്നതെന്ന് ഇന്നലെ പ്രധാനമന്ത്രി നരേന്ദ്രമോദി മൈസുരുവിൽ പ്രസംഗിച്ചിരുന്നു. മോദിയുടെ പ്രസംഗത്തിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് കോൺഗ്രസും പരാതി നൽകി. രാജ്യവിരുദ്ധ പരാമർശം കോൺഗ്രസ് നടത്തിയെന്ന വ്യാജ ആരോപണം മോദി ഉന്നയിച്ചുവെന്നും നടപടി വേണമെന്നും ആവശ്യപ്പെട്ടായിരുന്നു പരാതി.