26 March, 2023 01:57:10 PM
ബോജ്പുരി നടി ആകാംക്ഷ ദുബേ വാരണാസിയിലെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ
വാരണാസി: ബോജ്പുരി നടി ആകാംക്ഷ ദുബേയെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇരുപത്തിയഞ്ച് വയസ്സായിരുന്നു. വാരണാസിയിലെ ഹോട്ടൽമുറിയിലാണ് നടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. നടി ജീവനൊടുക്കിയതാണെന്നാണ് പ്രാഥമിക നിഗമനം.
സിനിമകൾക്ക് പുറമേ, സോഷ്യൽമീഡിയയിലും സജീവമായ താരമായിരുന്നു ആകാക്ഷ. മരണകാരണം എന്താണെന്ന് വ്യക്തമല്ല. മരണപ്പെടുന്നതിന് മണിക്കൂറുകൾക്ക് മുമ്പും സോഷ്യൽമീഡിയയിൽ ആകാംക്ഷ സജീവമായിരുന്നു. കഴിഞ്ഞ വാലന്റൈൻസ് ഡേയ്ക്ക് കാമുകനൊപ്പമുള്ള ചിത്രം പങ്കുവെച്ച് ബന്ധം പരസ്യപ്പെടുത്തിയിരുന്നു. സഹതാരമായ സമർ സിംഗിനൊപ്പമുള്ള ചിത്രമാണ് നടി പങ്കുവെച്ചത്.
2018 ൽ വിഷാദരോഗം മൂലം സിനിമാ ലോകത്തു നിന്നും ആകാംക്ഷ ഇടവേളയെടുത്തിരുന്നു. വർഷങ്ങൾക്കു ശേഷമാണ് വീണ്ടും സിനിമയിൽ എത്തിയത്. പതിനേഴാം വയസ്സിൽ പുറത്തിറങ്ങിയ മേരി ജംഗ് മേരാ ഫേസ്ലാ എന്ന ചിത്രത്തിലൂടെയാണ് അഭിനയരംഗത്ത് എത്തുന്നത്. ബോജ്പുരി സിനിമയിൽ അറിയപ്പെടുന്ന നടിയാണ് ആകാംക്ഷ. മുജ്സേ ഷാദി കരോഗി, വീരോൻ കീ വീർ, ഫൈറ്റർ കിംഗ്, കസം പയ്ദാ കർനാ കി തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങൾ