20 November, 2022 12:41:41 PM
ദത്ത എന്ന പേര് റേഷന്‍ കാര്‍ഡിൽ കുത്ത എന്നായി: നായയെ പോലെ കുരച്ചു പ്രതിഷേധിച്ച് യുവാവ്

കൊല്‍ക്കത്ത: റേഷന്‍ കാര്‍ഡില്‍ തെറ്റായി വന്ന പേര് തിരുത്താന്‍ അപേക്ഷ നല്‍കിയിട്ടും ശരിയാകാത്തതോടെ കുരച്ചുകൊണ്ട് യുവാവിന്റെ പ്രതിഷേധം. പശ്ചിമ ബംഗാളിലെ ബങ്കുരയിലാണ് സംഭവം. റേഷന്‍ കാര്‍ഡില്‍ ശ്രീകാന്തി ദത്ത എന്നതിനുപകരം ശ്രീകാന്തി കുത്ത എന്നാണ് തെറ്റായി അച്ചടിച്ചുവന്നത്. പേര് തിരുത്താന്‍ യുവാവ് നിരവധി തവണ അപേക്ഷിച്ചിട്ടും അധികൃതര്‍ കൂട്ടാക്കാത്തതോടെയാണ് ഇയാള്‍ കുരച്ച് പ്രതിഷേധിച്ചത്. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
മൂന്നാം തവണയും അപേക്ഷ നല്‍കിയിട്ടും അധികൃതര്‍ പേര് തിരുത്താന്‍ തയ്യാറായില്ല. തുടര്‍ന്നാണ് ബ്ലോക്ക് ജില്ലാ ഓഫീസര്‍ക്ക് മുന്നില്‍ ശ്രീകാന്തി നായയെപ്പോലെ കുരച്ചത്. പേര് തെറ്റിയത് വലിയ അപകീര്‍ത്തിയാണ്. റേഷന്‍ കാര്‍ഡില്‍ പേര് ചേര്‍ക്കുന്നവര്‍ നിരക്ഷരരാണോ? ആരുടെയെങ്കിലും പേര് കുത്താ എന്നിടുമോ? എന്റെ മകന് ഒരു കടയുണ്ട്, ആളുകള്‍ക്ക് അവനെ അറിയാം. എന്ത് നടപടിയാണിത്- ശ്രീകാന്തിയുടെ അമ്മ പറഞ്ഞു.
റേഷന്‍ കാര്‍ഡിലെ പേര് തിരുത്താന്‍ ഞാന്‍ മൂന്ന് തവണ അപേക്ഷിച്ചു. മൂന്നാം തവണയും ശ്രീകാന്തി ദത്ത എന്നതിന് പകരം ശ്രീകാന്തി കുത്ത എന്നാണ് എന്റെ പേര് എഴുതിയത്. ഇത് എന്നെ മാനസികമായി തളര്‍ത്തിയെന്ന് ശ്രീകാന്തി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു. ഇന്നലെ, ഞാന്‍ വീണ്ടും തിരുത്തലിന് അപേക്ഷിക്കാന്‍ പോയി. അവിടെ ജോയിന്റ് ബിഡിഒയെ കണ്ടപ്പോള്‍, ഞാന്‍ നായയെപ്പോലെ പെരുമാറി. അവര്‍ എന്റെ ചോദ്യത്തിന് ഉത്തരം നല്‍കിയില്ല, ഞങ്ങളെപ്പോലുള്ള സാധാരണക്കാര്‍ എത്ര തവണ ജോലി ഉപേക്ഷിച്ച് ഓഫിസുകള്‍ കയറിയിറങ്ങുമെന്നും അദ്ദേഹം ചോദിച്ചു. യുവാവിന്റെ പരാതി എത്രയും വേഗം പരിഹരിക്കുമെന്നും സാങ്കേതികമായി വന്ന പിഴവാണ് പേരുമാറാന്‍ കാരണമെന്നും അധികൃതര്‍ വിശദീകരിച്ചു.