15 January, 2020 07:15:21 AM
20 കോടി രൂപക്കു കേജരിവാൾ സീറ്റ് വിറ്റെന്ന് ആരോപണം: എ എ പി എംഎൽഎ രാജിവെച്ചു
ദില്ലി: ആം ആദ്മി പാർട്ടി എംഎൽഎ എൻ.ഡി. ശർമ രാജിവച്ചു. ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിനുള്ള എഎപി സ്ഥാനാർഥികളെ പ്രഖ്യാപിച്ചതിനു പിന്നാലെയാണു രാജി. ഇത്തവണ സ്ഥാനാർഥി പട്ടികയിൽ എൻഡി ശർമ ഇടംപിടിച്ചിരുന്നില്ല. ബദർപുർ മണ്ഡലത്തിൽനിന്നുള്ള എംഎൽഎയാണു ശർമ.
രാജിവച്ചതിനു പിന്നാലെ എഎപി അധ്യക്ഷനും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജരിവാളിനെതിരേ ശർമ ആരോപണങ്ങളും ഉയർത്തി. 20 കോടി രൂപക്കു കേജരിവാൾ സീറ്റ് വിൽപ്പന നടത്തിയെന്നാണു ശർമയുടെ പ്രധാന ആരോപണം. ചൊവ്വാഴ്ച വൈകിട്ടാണ് എഎപി 70 സീറ്റുകളിലേക്കുമുള്ള സ്ഥാനാർഥികളുടെ പട്ടിക പ്രഖ്യാപിച്ചത്. പട്ടികയിൽ 46 പേർ നിലവിൽ എംഎൽഎമാരാണ്. 23 പുതുമുഖങ്ങളുണ്ട്. എട്ട് വനിത സ്ഥാനാർഥികളാണ് പട്ടികയിലുള്ളത്.
കോണ്ഗ്രസ് വിട്ട് ആം ആദ്മി പാർട്ടിയിലേക്കെത്തിയ എട്ടു പേർക്ക് സീറ്റ് നൽകിയിട്ടുണ്ട്. മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ ന്യൂഡൽഹി മണ്ഡലത്തിൽനിന്നു ജനവിധി തേടും. മന്ത്രിമാർ എല്ലാവരും തന്നെ നിലവിലെ സീറ്റുകളിൽ മത്സരിക്കും. ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ചു പരാജയപ്പെട്ട അതിഷി, രാഘവ് ഛദ്ദ, ദിലീപ് പാണ്ഡേ എന്നിവർക്കും ഡൽഹി തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടി സീറ്റ് നൽകിയിട്ടുണ്ട്.
എന്നാൽ, ആപ്പിൾ കന്പനിയിലെ ജോലി രാജിവച്ചു പാർട്ടിയിൽ ചേർന്ന മുൻ പ്രധാനമന്ത്രി ലാൽ ബഹദൂർ ശാസ്ത്രിയുടെ മകൻ ആദർശ് ശാസ്ത്രിക്കു പകരം ഇത്തവണ ദ്വാരക മണ്ഡലത്തിൽനിന്നു മത്സരിക്കുന്നത് വിനയ് മിശ്രയാണ്. 2015 ൽ ആപ്പിനു വേണ്ടി ചാന്ദ്നി ചൗക്കിൽ നിന്നു മത്സരിച്ചു വിജയിച്ചു പിന്നീട് കോണ്ഗ്രസിൽ പോയ അൽക്ക ലംബയ്ക്കു പകരം, അന്നു കോണ്ഗ്രസ് സ്ഥാനാർഥിയായിരുന്ന പ്രഹ്ളാദ് സിംഗ് സ്വാഹിന് ആപ്പ് ഇത്തവണ സീറ്റ് നൽകി.