13 January, 2020 05:25:21 PM


തീവ്രവാദികളുടെ കൈയിൽ നിന്ന് പൊലീസ് ഉദ്യോഗസ്ഥൻ വാങ്ങിയത് 12 ലക്ഷം രൂപ



ദില്ലി: തീവ്രവാദികൾക്ക് അകമ്പടി സേവിച്ച സംഭവത്തിൽ ജമ്മു കാശ്മീർ പൊലീസ് ഡെപ്യൂട്ടി സൂപ്രണ്ടിനെ അറസ്റ്റ് ചെയ്ത് പ്രാഥമിക അന്വേഷണം തുടങ്ങി. ഹിസ്ബുൾ മുജാഹിദിൻ കമാൻഡർ സയിദ് നവീദ് മുഷ്താഖ്, ഭീകരവാദി റാഫി താഥർ എന്നിവരെ അനുഗമിച്ചതിനാണ് ജമ്മു കാശ്മീർ പൊലീസ് ഡെപ്യൂട്ടി സൂപ്രണ്ട് ദേവിന്ദർ സിംഗ് അറസ്റ്റിലായത്. പ്രാഥമിക ചോദ്യം ചെയ്യലിൽ, ഹിസ്ബുൾ മുജാഹിദ്ദീൻ കമാൻഡർ സയ്യിദ് നവീദ് മുഷ്താഖിനെയും തീവ്രവാദിയായ റാഫി റതറിനെയും അനുഗമിക്കുകയാണെന്ന് സിംഗ് അവകാശപ്പെട്ടിരുന്നു.


അഭിഭാഷകൻ ആയിരുന്ന ഇർഫാൻ ഷാഫി മിറും അവരോടൊപ്പം ഉണ്ടായിരുന്നു. ജമ്മു കാശ്മീർ പോലീസ്, ഐ.ബി, മറ്റ് രഹസ്യാന്വേഷണ ഏജൻസികൾ എന്നിവരുടെ സംയുക്ത സംഘമാണ് ദേവിന്ദർ സിംഗിനെയും കൂട്ടാളികളെയും കുറിച്ച് അന്വേഷിക്കുന്നത്. ബാനിഹാൾ തുരങ്കം കടക്കാൻ ഭീകരവാദികൾക്ക് സഹായം നൽകിയതിന് ഇയാൾ പണം കൈപറ്റിയതായി പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായതായി പൊലീസ് ഉദ്യോഗസ്ഥർ പറയുന്നു. 12 ലക്ഷം രൂപയ്ക്കായിരുന്നു കരാറെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. ഒരു ഡി എസ് പി ഓടിക്കുന്ന കാർ ആരും തടയില്ലെന്ന പ്രതീക്ഷയിൽ സിംഗ് തന്നെ വാഹനത്തിൽ ഇരിക്കുകയായിരുന്നു.


പൊലീസിലെയോ ഏജൻസികളിലെയോ ആരെയും അദ്ദേഹം ഇതിൽ ഉൾപ്പെടുത്തിയിരുന്നില്ലെന്നും അന്വേഷണസംഘം പറഞ്ഞു. മുൻ പൊലീസുകാരനായ നവീദ് മുഷ്താഖ് എന്ന ബാബു അദ്ദേഹത്തിന്‍റെ സഹായികൾക്കൊപ്പം സുരക്ഷിതമായി ജമ്മുവിലേക്ക് പോകാനും അഭയം ലഭിക്കാനും സിങ്ങിന് പണം വാഗ്ദാനം ചെയ്തതായും അന്വേഷണത്തിൽ വ്യക്തമായി. തെക്കൻ കശ്മീരിലെ ആപ്പിൾ തോട്ടങ്ങളിൽ അടുത്തിടെ ട്രക്കറുകളിൽ കൊലപാതകം നടത്തിയ കേസിലെ മുഖ്യ പ്രതിയാണ് മുഷ്താഖ്. രഹസ്യാന്വേഷണത്തിന്‍റെ ഭാഗമായി പൊലീസ് പലപ്പോഴും തീവ്രവാദ ഗ്രൂപ്പുകളിൽ നുഴഞ്ഞു കയറാറുണ്ട്. എന്നാൽ, ദേവീന്ദർ സിംഗ് കേസ് പുതിയ ആശങ്കകൾ ഉയർത്തിയിരിക്കുകയാണ്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K