12 January, 2020 08:45:27 PM
പൊലീസ് ഡെപ്യൂട്ടി സൂപ്രണ്ട് ഭീകരര്‍ക്കൊപ്പം കാറില്‍ സഞ്ചരിക്കവെ പിടിയില്‍
ശ്രീനഗര്‍: രാഷ്ട്രപതിയില്‍ നിന്ന് ധീരതയ്ക്കുള്ള പുരസ്‌ക്കാരം നേടിയ ഉന്നത പൊലീസ് ഉദ്യോഗസ്ഥന്‍ ഹിസ്ബുള്‍ ഭീകരര്‍ക്കൊപ്പം ജമ്മു കശ്മീരില്‍ പിടിയിലായി. ശ്രീനഗര്‍ രാജ്യാന്തര വിമാനത്താവളത്തിലെ ഡെപ്യൂട്ടി സൂപ്രണ്ട് ദേവേന്ദര്‍ സിങ്ങാണ് അറസ്റ്റിലായത്. രണ്ട് ഭീകരര്‍ക്കൊപ്പം കാറില്‍ സഞ്ചരിക്കവെ ശ്രീനഗര്‍- ജമ്മു ദേശീയപാതയില്‍ മിര്‍ ബസാറില്‍ വച്ചാണ് ഇയാളെ പിടികൂടിയത്. ഭീകരരെ ഡല്‍ഹിയിലേയ്ക്ക് കടത്തുകയായിരുന്നു എന്നാണ് സൂചന.
ഹിസ്ബുള്‍ കമാന്‍ഡര്‍ നവീദ് ബാബു മറ്റൊരു ഭീകരന്‍ ആസിഫ് റാത്തേര്‍ എന്നിവരായിരുന്നു ഒപ്പമുണ്ടായിരുന്നത്. കഴിഞ്ഞ വര്‍ഷം ട്രക്ക് ഡ്രൈവര്‍മാരുള്‍പ്പെടെ 11 പേരെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയാണ് നവീദ് ബാബു. കാറില്‍ നിന്ന് രണ്ട് എകെ 47 തോക്കുകള്‍ കണ്ടെത്തി. ദേവീന്ദര്‍ സിങ്ങിന്‍റെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ രണ്ട് പിസ്റ്റളുകളും എകെ 47 തോക്കും ലഭിച്ചു.
പാര്‍ലമെന്‍റ് ആക്രമണക്കേസില്‍ തൂക്കിലേറ്റിയ അഫ്‌സല്‍ ഗുരുവിനെ കുടുക്കിയത് ദേവേന്ദര്‍ സിങ്ങാണെന്ന് ആരോപണമുണ്ട്. വിമാനറാഞ്ചല്‍ തടയാനുള്ള സുരക്ഷാ സംഘത്തില്‍ അംഗമാണ് ദേവേന്ദര്‍. ഈ മാസം ഒന്‍പതിന് വിദേശ നയതന്ത്ര പതിനിധികള്‍ കശ്മീരിലെത്തിയപ്പോള്‍ സ്വീകരിച്ചവരില്‍ ദേവേന്ദര്‍ സിങ്ങുണ്ടായിരുന്നു. കഴിഞ്ഞ വര്‍ഷമാണ് രാഷ്ട്രപതിയുടെ മെഡല്‍ നേടിയത്.
ഭീകരവിരുദ്ധ നീക്കങ്ങള്‍ക്കുള്ള ജമ്മു കശ്മീര്‍ പൊലീസിന്‍റെ പ്രത്യേക സംഘത്തില്‍ നേരത്തെ അംഗമായിരുന്നു. പണം തട്ടിയ കേസില്‍ അച്ചടക്ക നടപടി നേരിട്ടിട്ടുണ്ട്. കഴിഞ്ഞ ദിവസം ഡ്യൂട്ടിയിലുണ്ടായിരുന്നില്ല. നാല് ദിവസത്തെ അവധിക്ക് അപേക്ഷിച്ചിരുന്നതായും പൊലീസ് വൃത്തങ്ങള്‍ പറയുന്നു. ദേവേന്ദര്‍ സിങ്ങിനെ ചോദ്യം ചെയ്തു വരികയാണെന്ന് ജമ്മു കശ്മീര്‍ പൊലീസ് അറിയിച്ചു.