11 January, 2020 04:14:40 AM


പൗരത്വ ഭേദഗതി നിയമം പ്രാബല്യത്തിൽ വന്നു; കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനമിറക്കി



ദില്ലി: പ്രതിഷേധങ്ങളും പ്രതിഷേധ സമരങ്ങളും തുടരുന്നതിനിടയിൽ ദേശീയ പൗരത്വ ഭേദഗതി നിയമം നിലവിൽ വന്നു. ഇതു സംബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിജ്ഞാപനം പുറത്തിറക്കി. വ്യാപക പ്രതിഷേധങ്ങൾക്കിടെയാണ് പൗരത്വ നിയമ ഭേദഗതി നടപ്പിലാക്കാൻ കേന്ദ്ര സർക്കാർ വിജ്ഞാപനമിറക്കിയത്. ജനുവരി 10  മുതൽ നിയമം പ്രാബല്യത്തിൽ വന്നതായി വിജ്ഞാപനത്തിൽ കേന്ദ്രസർക്കാർ വ്യക്തമാക്കുന്നു.


പാകിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍നിന്ന് 2014 ഡിസംബര്‍ 31നു മുമ്പ് ഇന്ത്യയിലെത്തിയ ഹിന്ദു, സിഖ്, പാഴ്‌സി, ജൈന, ബുദ്ധ, ക്രൈസ്തവ മതവിഭാഗങ്ങളില്‍പെട്ടവര്‍ക്കു പൗരത്വാവകാശം നല്‍കുന്നതാണ് നിയമം. നേരത്തെ, കുറഞ്ഞത് 11 വര്‍ഷം രാജ്യത്ത് സ്ഥിര താമസമായവര്‍ക്കു മാത്രമാണ് പൗരത്വം നല്‍കിയിരുന്നത്. എന്നാല്‍ നിലവിലെ നിയമപ്രകാരം ഇത് ആറു വര്‍ഷമായി ചുരുങ്ങി.



ലോക്സഭയും രാജ്യസഭയും പാസാക്കിയ പൗരത്വ ഭേദഗതി ബില്ലില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഡിസംബർ 13നാണ് ഒപ്പുവെച്ചത്. പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട ഹർജികൾ സുപ്രീം കോടതിയുടെ പരിഗണനയിൽ ഇരിക്കെയാണ് കേന്ദ്രസർക്കാർ വിജ്ഞാപനം ഇറക്കിയിരിക്കുന്നത്. നിയമത്തെ ചോദ്യം ചെയ്തുള്ള 59 ഹർജികളിൽ സുപ്രീം കോടതി കേന്ദ്ര സർക്കാരിന് നോട്ടീസ് അയച്ചിരുന്നു. കേസ് ജനുവരി 22ന് വീണ്ടും പരിഗണിക്കും.


ജനുവരി രണ്ടാമത്തെ ആഴ്ചയ്ക്കുള്ളിൽ കേന്ദ്രം മറുപടി നൽകണം. പൗരത്വ നിയമ ഭേദഗതിക്ക് എതിരെ വിവിധ ഹൈക്കോടതികളിൽ ഫയൽ ചെയ്യപ്പെട്ട ഹർജികൾ സുപ്രീം കോടതിയിലേക്ക് മാറ്റണം എന്ന് ആവശ്യപ്പെട്ട് കേന്ദ്രസർക്കാർ സുപ്രീം കോടതിയിൽ ട്രാൻസ്ഫർ ഹർജിയും നൽകിയിട്ടുണ്ട്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K