09 January, 2020 05:17:58 PM
അക്രമങ്ങൾ അവസാനിപ്പിക്കുമ്പോൾ പൗരത്വ നിയമ ഭേദഗതി പരാതികൾ പരിഗണിക്കാം: ചീഫ് ജസ്റ്റിസ്
ദില്ലി: ദേശീയ പൗരത്വ നിയമ ഭേദഗതിക്കെതിരായ ഹർജികൾ ദേശ വ്യാപകമായി നടക്കുന്ന അക്രമങ്ങൾ അവസാനിപ്പിക്കുമ്പോള്‍ പരിഗണിക്കാമെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ. പൗരത്വ നിയമ ഭേഗദതി ഭരണഘടനാപരമാണെന്ന് വിധിക്കണമെന്ന ഹര്‍ജി മുന്നിലെത്തിയപ്പോഴാണ് വ്യാഴാഴ്ച ജസ്റ്റിസ് എസ്.എ. ബോബ്‌ഡെയുടെ ഈ നിരീക്ഷണമുണ്ടായത്. പാര്‍ലമെന്‍റ് പാസ്സാക്കിയ നിയമം ഭരണഘടനാപരമാണെന്ന് വിധിക്കണമെന്ന് ആവശ്യപ്പെട്ട് അഡ്വക്കേറ്റ് വിനീത് ദണ്ഡയാണ് ഹർജി നൽകിയത്.
നിയമത്തിന്‍റെ സാധുത പരിശോധിക്കലാണ് കോടതിയുടെ ജോലിയെന്നും അത് ഭരണഘടനാപരമാണെന്ന് വിധിക്കലല്ലെന്നും ചീഫ് ജസ്റ്റിസ് അറിയിച്ചു. രാജ്യം ദുർഘടമായ സമയത്തിലൂടെയാണ് കടന്നു പോയിക്കൊണ്ടിരിക്കുന്നതെന്നും സമാധാനം പുനഃസ്ഥാപിക്കലാണ് എല്ലാവരുടെയും ലക്ഷ്യമെന്നും ഇത്തരം ഹര്‍ജികള്‍ അതിന് സഹായകരമാകില്ലെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് സാമൂഹ്യ പ്രവർത്തകരും മാധ്യമങ്ങളും വിദ്യാർഥികളും അസത്യം പ്രചരിപ്പിക്കുകയാണെന്ന് ഹർജിക്കാരൻ ആരോപിച്ചു. പൗരത്വ നിയമ ഭേദഗതിയുടെ സാധുത ചോദ്യം ചെയ്ത് 60ൽ അധികം ഹർജികളാണ് കോടതിയിലെത്തിയിട്ടുള്ളത്. ജനുവരി 22ന് ഹര്‍ജികൾ കോടതി പരിഗണിക്കുമെന്നാണ് സൂചന.