05 January, 2020 07:54:50 PM
ജാമിയ മിലിയയിൽ വിദ്യാർഥികൾക്കുനേരെ പോലീസ് വെടിവച്ചു; സ്ഥിരീകരിച്ച് രേഖകള്‍
ദില്ലി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ജാമിയ മിലിയ സർവകലാശാലയിലെ വിദ്യാർഥികൾ നടത്തിയ പ്രതിഷേധത്തിനിടെ പോലീസ് വെടിവച്ചതു സ്ഥിരീകരിച്ചു രേഖകൾ. പ്രതിഷേധത്തിനിടെ സ്വയംരക്ഷയ്ക്കുവേണ്ടി അന്തരീക്ഷത്തിലേക്കു വെടിവയ്ക്കേണ്ടി വന്നിട്ടുണ്ടെന്നു പേരു വെളിപ്പെടുത്താത്ത ഒരു പോലീസ് ഉദ്യോഗസ്ഥൻ ദേശീയ ചാനലായ എൻഡിടിവിയോടു വെളിപ്പെടുത്തി.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടന്ന പ്രതിഷേധത്തിലാണ് പ്രതിഷേധക്കാരും പോലീസും തമ്മിൽ സംഘർഷമുണ്ടായത്. പ്രക്ഷോഭങ്ങൾക്കിടെ വെടിയുതിർത്തിട്ടില്ലെന്നായിരുന്നു പോലീസ് തുടക്കത്തിൽ അവകാശപ്പെട്ടിരുന്നത്. എന്നാൽ പോലീസ് ഉദ്യോഗസ്ഥൻ കൈയിൽ തോക്കുമായി നിൽക്കുന്ന വീഡിയോ പിന്നീട് പുറത്തുവന്നു. ഇതുസംബന്ധിച്ച് വിശദമായ അന്വേഷണം നടത്തിയെന്നും മഥുര റോജിൽനിന്നു പകർത്തിയ വീഡിയോയാണിതെന്നും ഡൽഹി പോലീസ് സമ്മതിക്കുന്നു.
ജാമിയ മിലിയയിൽ സ്വയരക്ഷയ്ക്കായി വെടിവയ്ക്കേണ്ടി വന്നിട്ടുണ്ടെന്നും എല്ലാ പോലീസ് സ്റ്റഷനുകളിലും സൂക്ഷിക്കുന്ന ദൈനംദിന ഡയറിയിൽ ഇതു സംബന്ധിച്ച് എൻട്രി കണ്ടെത്തിയെന്നും ഒരു മുതിർന്ന ഉദ്യോഗസ്ഥൻ എൻഡിടിവിയോടു പറഞ്ഞു. ഡിസംബർ പതിനഞ്ചിനുണ്ടായ പ്രതിഷേധത്തിനിടെയാണു പോലീസും വിദ്യാർഥികളും തമ്മിൽ ഏറ്റുമുട്ടലുണ്ടായത്. സംഘർഷത്തിൽ നിരവധി വിദ്യാർഥികൾക്കും പോലീസ് ഉദ്യോഗസ്ഥർക്കും പരിക്കേറ്റിരുന്നു.