05 January, 2020 07:46:19 PM
അമിത് ഷായ്ക്കു ഗോ ബാക്ക് വിളിച്ച് പെണ്‍കുട്ടികൾ; സംഭവം ബിജെപി ഗൃഹസമ്പർക്ക പരിപാടിക്കിടെ
ദില്ലി: പൗരത്വ നിയമഭേദഗതിയെക്കുറിച്ചു വീടു കയറി പ്രചാരണത്തിനെത്തിയ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കു രാജ്യതലസ്ഥാനത്ത് ഗോ ബാക്ക് വിളി. ഡൽഹി ലജ്പത് നഗറിൽ ചണ്ഡിബസാറിൽ എത്തിയപ്പോഴായിരുന്നു അപ്രതീക്ഷിത പ്രതിഷേധം. നാലേമുക്കാലോടെയാണ് അമിത് ഷാ ലജ്പത് നഗറിലെ കോളനിയിലെത്തിയത്. ഗൃഹസമ്പർക്ക പരിപാടിക്കെത്തിയ അമിത് ഷാ കൈവീശി നടന്നുപോകവെ രണ്ടു പെണ്‍കുട്ടികൾ ഗോ ബാക്ക് വിളിക്കുകയായിരുന്നു. ഒരു വീടിന്റെ മൂന്നാം നിലയിൽ നിന്നായിരുന്നു പ്രതിഷേധം.
വെള്ളത്തുണിയിൽ ചായം കൊണ്ടെഴുതിയ വലിയ ബാനറുകൾ വീടിന്റെ മുകളിൽനിന്ന് ഇവർ താഴേക്കു വിരിച്ചു. തുടർന്നു കോളനിവാസികളിൽ ചിലരും ഗോബാക്ക് വിളിച്ചു. എന്നാൽ അമിത് ഷാ പ്രതികരിക്കാൻ നിൽക്കാതെ നടന്നുപോയി. ഇവരുമായി ബിജെപി പ്രവർത്തകർ വാക്കുതർക്കത്തിൽ ഏർപ്പെട്ടു. പ്രതിഷേധ ബാനർ ബിജെപി പ്രവർത്തകർ നീക്കം ചെയ്തു. പൗരത്വ നിയമഭേദഗതിക്കു ജനപിന്തുണ നേടിയെടുക്കാൻ ബിജെപി ഗൃഹസമ്പർക്ക പരിപാടികൾ ആരംഭിച്ചിരുന്നു. ഇതിന്റെ ഭാഗമായാണു ഞായറാഴ്ച വൈകുന്നേരം അമിത് ഷാ ഡൽഹിയിലെ കോളനിയിൽ എത്തിയത്.
ലജ്പത് നഗർ കാലങ്ങളായി ബിജെപിയുടെ ശക്തി കേന്ദ്രമാണ്. ഇതുകൊണ്ടുതന്നെയാണു ലജ്പത് നഗർ തന്നെ ബിജെപി പ്രചാരണത്തിന് തെരഞ്ഞെടുത്തത്. എന്നാൽ അവിടെത്തന്നെയാണ് ഇത്തരത്തിലൊരു ഗോബാക്ക് വിളിയുണ്ടായത് എന്നതു ബിജെപി നേതൃത്വം തങ്ങൾക്കേറ്റ കനത്ത തിരിച്ചടിയായാണ് കണക്കുകൂട്ടുന്നത്.