04 January, 2020 12:42:48 PM
മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ കണ്ണന്‍ ഗോപിനാഥന്‍ കസ്റ്റഡിയില്‍
ദില്ലി : മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ കണ്ണന്‍ ഗോപിനാഥന്‍ പോലീസ് കസ്റ്റഡിയില്‍. പൗരത്വ നിയമത്തിന് എതിരായ പ്രതിഷേധത്തില്‍ പങ്കെടുക്കാനും ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാനും പോകുന്നതിനിടെ യു.പി പോലീസാണ് കണ്ണനെ കസ്റ്റഡിയിലെടുത്തത്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിക്കാന്‍ ഇതിനു മുമ്പ് മറൈന്‍ ഡ്രൈവിലേക്കെത്തിയ കണ്ണന്‍ ഗോപിനാഥനെ കസ്റ്റഡിയിലെടുത്തിരുന്നു. എന്നാല്‍ ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് അദ്ദേഹത്തെ വിട്ടയക്കുകയായിരുന്നു.
റെസിഡന്റ് ഡോക്‌ടേഴ്‌സ് അസോസിയേഷന്‍ അലിഗഡ് മുസ്ലീം സര്‍വകലാശാലയ്ക്ക് സമീപം സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുക്കുവാന്‍ പോകുകയായിരുന്നു കണ്ണന്‍. ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടരയ്ക്കായിരുന്നു പരിപാടി സംഘടിപ്പിച്ചിരുന്നത്. ഇവിടേയ്ക്ക് പോകവേ ഉത്തര്‍പ്രദേശ് അതിര്‍ത്തിയില്‍ വച്ചാണ് പോലീസ് തന്നെ കസ്റ്റഡിയിലെടുത്തതെന്ന് കണ്ണന്‍ ട്വീറ്റ് ചെയ്തു. സുരക്ഷയുടെ ഭാഗമായാണ് കണ്ണനെ കസ്റ്റഡിയിലെടുത്തതെന്നാണ് പോലീസ് ഭാഷ്യം.