01 January, 2020 07:57:45 PM
പൗരത്വ നിയമ ഭേദഗതി: പഞ്ചാബും ബംഗാളും കേരള മാതൃക പിന്തുടര്‍ന്നേക്കും
ദില്ലി: പൗരത്വ നിയമ ഭേദഗതിക്കെതിരെ സംസ്ഥാന നിയമസഭ പ്രമേയം പാസാക്കിയതില്‍ കടുത്ത അതൃപ്തിയുമായി കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദ്. പാര്‍ലമെന്റ് പാസാക്കിയ നിയമം നടപ്പിലാക്കാതിരിക്കാന്‍ ഒരു സംസ്ഥാനത്തിനും കഴിയില്ലെന്ന് രവിശങ്കര്‍ പ്രസാദ് പറഞ്ഞു. കേരളത്തിന്റെ നടപടി ഞെട്ടിച്ചുവെന്നും ഭരണഘടനയെ വെല്ലുവിളിക്കരുതെന്നും നിയമമന്ത്രി പറഞ്ഞു.
കേരളത്തിന് പിന്നാലെ പഞ്ചാബ്, പശ്ചിമ ബംഗാള്‍ എന്നീ തുടങ്ങി കൂടുതല്‍ സംസ്ഥാനങ്ങള്‍ കേരള മാതൃകയില്‍ പ്രമേയം പാസാക്കാനൊരുങ്ങുകയാണ്. ഈ പശ്ചാത്തലത്തിലാണ് കേന്ദ്രസര്‍ക്കാര്‍ നിലപാട് കടുപ്പിക്കുന്നത്. കൂടുതല്‍ എതിര്‍പ്പ് ഉയരുന്നത് ഒഴിവാക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുകയാണ് ലക്ഷ്യം. അതേസമയം എതിര്‍പ്പ് ശക്തമാകുന്ന സാഹചര്യത്തില്‍ പൗരത്വ വിവര ശേഖരണത്തിന് സംസ്ഥാനങ്ങളെ ഒഴിവാക്കി നടപടികള്‍ ഓണ്‍ലൈന്‍ ആക്കുന്നതിനെക്കുറിച്ച് കേന്ദ്രം ആലോചിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.
ഓണ്‍ലൈന്‍ അപേക്ഷകള്‍ സ്വീകരിക്കുന്നതിനും രേഖകള്‍ പരിശോധിക്കുന്നതിനും സ്‌പെഷ്യല്‍ ഓഫീസറെ നിയമിക്കുമെന്ന് ആഭ്യന്തര മന്ത്രാലയത്തെ ഉദ്ധരിച്ച് പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു. ഇതിനിടെ ദേശീയ ജനസഖ്യാ രജിസ്റ്റര്‍ സര്‍വേയ്ക്ക് ഒരു രേഖയും ഹാജരാക്കേണ്ടതില്ലെന്നും വ്യക്തികള്‍ വിവരങ്ങള്‍ നല്‍കിയാല്‍ മതിയെന്നും ആഭ്യന്തര മന്ത്രാലയ വക്താവ് ട്വീറ്റ് ചെയ്തു