01 January, 2020 09:30:31 AM
പുതുവര്‍ഷ പിറവിയിൽ ദേശീയ ഗാനാലാപനം; ദില്ലിയില്‍ കൊടും തണുപ്പിലും പ്രതിഷേധ ചൂട്...!
ദില്ലി: താപനില രൂക്ഷമായ നിലയിലേക്ക് താഴ്ന്ന് മരംകോച്ചുന്ന തണുപ്പിലും പ്രതിഷേധത്തിന്റെ ചൂടുമായി അനേകര്‍ തലസ്ഥാനത്ത് പുതുവത്സരപ്പിറവി ആഘോഷിച്ചു. പൗരത്വഭേദഗതി ബില്ലില്‍ പ്രതിഷേധം രണ്ടാമത്തെ ആഴ്ചയിലേക്ക് നീണ്ടിരിക്കെ നൂറുകണക്കിന് പേരാണ് മുദ്രാവാക്യം മുഴക്കിയും ദേശീയഗാനം ആലപിച്ചും ദക്ഷിണ ഡല്‍ഹിയിലെ ഷഹീന്‍ബാഗില്‍ തടിച്ചുകൂടിയത്. പുതുവര്‍ഷ പിറവി അറിയിച്ച് ക്‌ളോക്കില്‍ 12 മണി അടിച്ചപ്പോള്‍ എല്ലാവരും ചേര്‍ന്ന് എഴൂന്നേറ്റ് നിന്നുകൊണ്ട് ദേശീയഗാനം ആലപ്പിച്ചു.
118 വര്‍ഷത്തിനിടയില്‍ ഡല്‍ഹിയില്‍ രേഖപ്പെടുത്തിയ ഏറ്റവും കടുത്ത തണുപ്പില്‍ കട്ടിപ്പുതപ്പിനുള്ളില്‍ നിന്നുകൊണ്ടുള്ള പ്രതിഷേധത്തിനായി ചിലര്‍ മക്കളെ കൂടി പങ്കാളികളാക്കിയിരുന്നു. സ്ത്രീകളായിരുന്നു പ്രതിഷേധക്കാരില്‍ ഭൂരിപക്ഷവും. പ്രതിഷേധക്കാര്‍ക്ക് ഭക്ഷണവും വെള്ളവുമായി പ്രദേശവാസികളും കൂടെ കൂടി. ട്വിറ്ററിലൂടെയും മറ്റുമുള്ള പുതപ്പുകളുടെ ശേഖരണ പ്രചരണ പരിപാടികള്‍ പ്രതിഷേധക്കാര്‍ നേരത്തേ തന്നെ നടത്തിയിരുന്നു. ചൊവ്വാഴ്ച രാത്രി നടന്ന പ്രതിഷേധത്തില്‍ ദേശീയപതാക വീശുന്ന അനേകരെ കാണാമായിരുന്നു. ചിലര്‍ പൗരത്വ ഭേദഗതി ബില്ലിനെതിരേയുള്ള പ്‌ളക്കാര്‍ഡുകളും ഏന്തിയിരുന്നു.
ഒരു അമ്മ എന്ന നിലയില്‍ മക്കളുടെ ഭാവിയെക്കുറിച്ച് ചിന്തിക്കേണ്ടതുണ്ട്. ഈ രീതിയിലാണെങ്കില്‍ അവരുടെ ഭാവിയെക്കുറിച്ച് ആശങ്കയുണ്ട്. ഇത് എന്റെ വ്യക്തിപരമായ പോരാട്ടമല്ല. ഭരണഘടന സംരക്ഷിക്കാന്‍ വേണ്ടി കൂടിയുള്ള പോരാട്ടമാണെന്നാണ് പ്രതിഷേധക്കാരില്‍ ഒരാളുടെ പ്രതികരണം. മതിയായ രേഖകളുടെ അഭാവം അനേകം ഇന്ത്യാക്കാര്‍ക്കുണ്ടെന്ന് 33 കാരി പറയുന്നു. കുഞ്ഞിന് പാലു കൊടുത്ത് ഉറക്കിയ ശേഷമാണ് പ്രതിഷേധത്തിന് എത്തിയതെന്നും ഇവര്‍ പറയുന്നു. മറ്റൊരു സ്ത്രീ കുട്ടിയുമായിട്ടാണ് സമരത്തിന് എത്തിയത്. താന്‍ ജാമിയയില്‍ രാഷ്ട്രതന്ത്ര ബിരുദത്തിന് പഠിച്ചിരുന്നയാളാണെന്നും മതത്തിന്റെ കാര്യത്തില്‍ അവിടെ ഒരു വിവേചനവും അനുഭവിച്ചിട്ടില്ലെന്നും ഇവര്‍ പറഞ്ഞു.
ഒരു വയസ്സുള്ള തന്റെ മകളുമായിട്ടാണ് ഇവര്‍ സമരഭൂവില്‍ എത്തിയത്. ഷഹീന്‍ ബാഗില്‍ എല്ലാദിവസവും ഇരിക്കാന്‍ എത്താറുള്ള 90 കാരി തന്റെ സഹോദരങ്ങള്‍ക്ക് വേണ്ടി ഭരണഘടനാ സംരക്ഷണത്തിന്റെ ഭാഗമായിട്ടാണ് പ്രതിഷേധത്തിന് എത്തിയതെന്ന് പറഞ്ഞു. ഏഴു തലമുറയായി ഇന്ത്യയില്‍ കഴിയുന്നവരാണ് തങ്ങള്‍. ഇപ്പോള്‍ മുതുമുത്തച്ഛന്റെയും മറ്റും രേഖകള്‍ കാണിക്കാന്‍ ആവശ്യപ്പെട്ടാല്‍ എവിടെ പോയി അവയൊക്കെ കാണിക്കാനാണെന്നാണ് ഇവര്‍ ചോദിക്കുന്നത്