30 December, 2019 03:37:10 PM
രണ്ട് മാസത്തിനിടെ രണ്ടാം സത്യപ്രതിജ്ഞ: അജിത് പവാർ വീണ്ടും മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി
മുംബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയായി അജിത് പവാർ സത്യപ്രതിജ്ഞ ചെയ്തു. രണ്ട് മാസത്തിനിടെ ഇത് രണ്ടാം തവണയാണ് പവർ സത്യ പ്രതിജ്ഞ ചെയ്യുന്നത്. ആദ്യം ബിജെപിക്കൊപ്പമായിരുന്നുവെങ്കിൽ ഇത്തവണ ശിവസേന - എൻസിപി - കോൺഗ്രസ് സഖ്യ സർക്കാരിനൊപ്പമാണ് സത്യപ്രതിജ്ഞ.
ഉദ്ദവ് താക്കറെയുടെ മന്ത്രിസഭാ വികസനത്തെ തുടർന്നാണ് പവാർ ഉപമുഖ്യമന്ത്രി സ്ഥാനത്തേക്കെത്തിയത്. നേരത്തെ ബിജെപിയുമായി കൈകോർത്ത അജിത് പവാർ, ഫഡ്നവിസിന്‍റെ നേതൃത്വത്തിലുള്ള മന്ത്രിസഭയിലും ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തിരുന്നു. എന്നാൽ 80 മണിക്കൂർ മാത്രമെ ആ സർക്കാരിന് ആയുസ് ഉണ്ടായിരുന്നുള്ളു. ഇതിനെ തുടർന്ന് എൻസിപിയിലേക്ക് തന്നെ അജിത് മടങ്ങിയെത്തി.
താക്കറെയുടെ നേതൃത്വത്തിലുള്ള സഖ്യ സർക്കാരിലും അജിത് പവാർ തന്നെയാകും ഉപമുഖ്യമന്ത്രിയാവുക എന്ന റിപ്പോർട്ടുകൾ നേരത്തെ തന്നെ വന്നിരുന്നതുമാണ്. ആദിത്യ താക്കറെയുടെ പേര് മന്ത്രിമാരുടെ പട്ടികയിൽ പരിഗണിക്കപ്പെടുന്നുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.