30 December, 2019 08:15:23 AM
അതിശൈത്യം: രാജ്യ തലസ്ഥാനം തണുത്ത് വിറയ്ക്കുന്നു; 6 മരണം; ട്രയിനുകള്‍ വൈകി ഓടുന്നു
ദില്ലി: രാജ്യതലസ്ഥാനമായ ദില്ലിയിലും മറ്റു വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിലും മൂടൽ മഞ്ഞ് ശക്തമായതിനെ തുടർന്ന് അതിശൈത്യം തുടരുന്നു. ദില്ലിയില്‍ 2.5 ഡിഗ്രി സെല്‍ഷ്യസാണ് ഞായറാഴ്ചത്തെ കുറഞ്ഞ താപനില. തുടര്‍ച്ചയായ 15 ദിവസങ്ങളില്‍ ദില്ലിയിലെ അന്തരീക്ഷോഷ്മാവ് താഴ്ന്നുകൊണ്ടിരിക്കുന്നു. അസഹ്യമായ ശൈത്യം ജനജീവിതത്തെ കാര്യമായി ബാധിക്കുന്നുണ്ട്. കനത്ത മൂടൽമഞ്ഞ് മൂലം തിങ്കളാഴ്ച രാവിലെയും വിമാന സർവീസുകളും ട്രെയിൻ ഗതാഗതവും തടസപ്പെട്ടു.
ഇതിനിടെ മൂടൽ മഞ്ഞിനെ തുടർന്ന് നോയിഡയിലുണ്ടായ വാഹനാപകടത്തിൽ ആറ് പേർ മരിച്ചു. തിങ്കളാഴ്ച രാവിലെ ചില ഭാഗങ്ങളിൽ മൂടൽ മഞ്ഞിനെ തുടർന്ന് ഒന്നും കാണാൻ പറ്റാത്ത അവസ്ഥയുമുണ്ടായി. മുപ്പത് ട്രെയിനുകളാണ് വൈകി ഓടുന്നത്. അതേസമയം വിമാന സർവീസുകൾ റദ്ദാക്കിയിട്ടില്ലെങ്കിലും ദില്ലി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള മൂന്ന് സർവീസുകൾ വഴിതിരിച്ചുവിട്ടു. വിമാന സമയം അറിയാൻ എയർലൈൻസുമായി ബന്ധപ്പെടാൻ വിമാനത്താവളം അധികൃതർ യാത്രക്കാർക്ക് അറിയിപ്പ് നൽകിയിട്ടുണ്ട്.
റോഡ് ഗതാഗതവും മൂടല്‍ മഞ്ഞു മൂലം പലയിടത്തും തടസപ്പെട്ടിട്ടുണ്ട്. അതിശൈത്യം കാരണം ദില്ലിയിലും അയൽ സംസ്ഥാനങ്ങളായ പഞ്ചാബ്, ഹരിയാന, ഉത്തർപ്രദേശ്, രാജസ്ഥാൻ, ബിഹാർ എന്നിവിടങ്ങളിലും റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ശൈത്യം കനത്ത പശ്ചാത്തലത്തിൽ ഹരിയാനയിൽ സ്കൂളുകൾക്ക് ജനുവരി ഒന്നു വരെ സർക്കാർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഡിസംബർ 31ന് ശേഷം ദില്ലിയിൽ മഴപെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചിട്ടുണ്ട്. മഴ പെയ്താൽ തണുപ്പ് വർധിക്കുമെന്ന ആശങ്കയും ഉണ്ട്.