03 May, 2017 09:10:29 PM


കോട്ടയം ജില്ലാ പഞ്ചായത്ത് കേവലം ടെസ്റ്റ് ഡോസോ ?




കേരളാ കോൺഗ്രസ്സിന്‍റെ സ്ഥാനാർത്ഥി, സഖറിയാസ് കുതിരവേലിൽ കോട്ടയം ജില്ലാ പഞ്ചായത്ത് അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടു. സത്യപ്രതിജ്ഞയും ചെയ്തു. വ്യക്തമായ ഭൂരിപക്ഷമുണ്ടായിരുന്നിട്ടും യു ഡി എഫിന് ഭരണം നഷ്ടപ്പെട്ടു. എൽ ഡി എഫിന്‍റെ അതായത് സി പി എമ്മിന്‍റെ പിന്തുണയോടെയാണ് കേരളാ കോൺഗ്രസ് ഭരണം പിടിച്ചെടുത്തത്. സി പി ഐ വിട്ടു നിന്നു എന്നതും ശ്രദ്ധേയം.

ഇതോടെ രാഷ്ട്രീയരംഗം ചൂടുപിടിച്ചു. വാദപ്രതിവാദങ്ങൾ നടക്കുന്നു. ചാനൽ ചർച്ചകൾ കൊഴുക്കുന്നു. രണ്ടു പേര് കൂടുന്നിടത്ത് സംഭാഷണ വിഷയം ഇതുതന്നെ. സെൻകുമാറും പൊമ്പിള ഒരുമയുമെല്ലാം ഷെഡിൽ കയറി !

കേരള കോൺഗ്രസുമായി രണ്ടരവർഷത്തെ പങ്കുവയ്ക്കൽ സമ്മതത്തോടെ അധ്യക്ഷനായ ജോഷി ഫിലിപ്പ് കോട്ടയം ഡി സി സി പ്രസിഡണ്ടായ ഒഴിവിലാണ് തെരഞ്ഞെടുപ്പ് വന്നത്. ഒരുപക്ഷേ, ജോഷി ഫിലിപ്പ് രാജി വയ്ക്കാതിരുന്നെങ്കിൽ കാര്യങ്ങൾ വഷളാകില്ലായിരുന്നു. ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരുന്ന കോൺഗ്രസ്സ് മുന്നണി ഇപ്പോൾ പ്രതിപക്ഷത്തായത് ആരോപണശരവ്യനായ  കെ എം മാണിയെ സംരക്ഷിച്ചതുകൊണ്ടു മാത്രമാണ്. മാണി കുറച്ചുനാൾ മന്ത്രിപദവിയിൽ നിന്നു വിട്ടുനിന്നിരുന്നെങ്കിൽ എൽ ഡി എഫ് ഇവിടെ 'എല്ലാം ശരിയാക്കി'ല്ലായിരുന്നു.

മാണി ഇപ്പോൾ യു ഡി എഫിൽ ഇല്ല. അതിനാൽ മാണിയുടെ പ്രവൃത്തി തെറ്റല്ല എന്ന് പറയാം. പക്ഷേ, യു ഡി എഫ് വിട്ടെങ്കിലും തദ്ദേശസ്വയംഭരണ സഭകളിൽ മാറ്റം വരുത്തേണ്ടതില്ല എന്ന പ്രഖ്യാപിത 'മാന്യസമ്മതപത്ര'മാണ് ഇപ്പോൾ ലംഘിച്ചിരിക്കുന്നത്. അതിനാൽ മാണിയുടെ നടപടി തെറ്റ് തന്നെയാണ്. 

കഴിഞ്ഞ ഭരണകാലത്ത് എൽ ഡി എഫിൽ ചേക്കേറാനിരുന്ന മാണിയെ പതിനെട്ടാമടവ് പ്രയോഗിച്ചാണ് അന്ന് തടഞ്ഞു നിർത്തിയത്! ഒരാൾ പോകാൻ തീരുമാനിച്ചാൽ പോയിരിക്കും. പിടിച്ചു നിർത്തിയാൽ, ഇതുപോലെ ചില പണികളും കിട്ടും!! ഇന്നലെ വരെ മാണിയെ യു ഡി എഫിൽ മടക്കിക്കൊണ്ടുവരാനിരുന്നവർ - കുഞ്ഞാലിക്കുട്ടി മധ്യസ്ഥനാകാമെന്നും കേട്ടിരുന്നു - ഇന്ന് മാണിയെ വിളിച്ച തെറിക്കു കണക്കില്ല. കോലമുണ്ടാക്കി ചെരുപ്പുകൊണ്ട് മുഖത്തടിച്ച് കത്തിച്ചു !!

ഇക്കാര്യങ്ങൾ നേരത്തെ ചെയ്തിരുന്നവരാണ് ഇന്ന് മാണിയെ കൂട്ടത്തിൽ കൂട്ടുന്നത്. അധികാര രാഷ്ട്രീയത്തിന്‍റെ ജാരസന്തതിയെന്ന പേരും സമ്പാദിച്ച് !! മാണി ആദ്യമായിട്ടല്ല എൽ ഡി എഫ് പക്ഷത്തു പോകുന്നത്. കുതന്ത്രങ്ങൾക്കു കുപ്രസിദ്ധമായ മാണിപ്പാർട്ടി കുറച്ചുനാളായി യു ഡി എഫിനെയും എൽ ഡി എഫിനെയും ബിജെപിയെയും ഒരു പോലെ മോഹിപ്പിച്ചു നടക്കുകയായിരുന്നു.

സി പി ഐ, കാനത്തിന്‍റെ നേതൃത്വത്തിൽ ഊർജ്ജസ്വലമായി പ്രവർത്തിക്കുന്നത് സി പി എമ്മിനെ ഒട്ടല്ല വിഷമിപ്പിക്കുന്നത്. എക്കാലത്തും സമൂഹ മനസ്സിൽ മാന്യമായ സ്ഥാനമാണ് സി പി ഐയ്ക്ക്. സി പി ഐ സ്വയം ഒഴിവാകുകയോ അവരെ ഒഴിവാക്കുകയോ ചെയ്യേണ്ട നിലയാണ് ഇപ്പോൾ സി പി എം കാണുന്നത്. രണ്ടായാലും സർക്കാരിന്‍റെ ഭൂരിപക്ഷം ഉറപ്പിക്കാനുള്ള തന്ത്രമാണ് ഇന്ന് നടന്നത്. മാണിയെന്നല്ല, ഒരു പുതിയ പാർട്ടിയും ഇപ്പോൾ എൽ ഡിഎഫിനു വേണ്ടെന്നു പന്ന്യൻ പറഞ്ഞു കഴിഞ്ഞു. കോട്ടയത്തു വോട്ടിങ്ങിൽ നിന്ന് സി പി ഐ വിട്ടു നിന്നു. ഇതൊന്നും സി പി എമ്മിന് ദഹിക്കില്ലല്ലോ! ഒട്ടകം സൂചിക്കുഴയിലൂടെ എന്നപോലെ മുഖ്യമന്ത്രി സ്ഥാനത്തെത്തിയ ഒരാൾ അത്രപെട്ടെന്ന് അതുകളഞ്ഞിട്ടു പോകില്ലല്ലോ! അതിനാൽ സി പി ഐ ഇടഞ്ഞു നിന്നാൽ  ഒഴിവാക്കുകതന്നെ ചെയ്യും.

പ്രാദേശികമായ തീരുമാനമാണ് കോട്ടയത്തു നടന്നതെന്ന് പറയുന്ന മാണി, അങ്ങനെയെങ്കില്‍ ജില്ലാ പഞ്ചായത്തിലെ അംഗങ്ങളെ പാർട്ടിയിൽനിന്നു   പുറത്താക്കുമോ ? അതുപോലെ, അവരെ പിന്തുണച്ച തങ്ങളുടെ അംഗങ്ങളെ സി പി എം പുറത്താക്കുമോ ? കേരള സമൂഹം ചോദിക്കുന്നത് ഈ ചോദ്യങ്ങളാണ്.

കാര്യങ്ങൾ ഒളിച്ചുവച്ച് തെരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കിയ കേരളാ കോൺഗ്രസ്സ് നടത്തിയത് നെറികേടുതന്നെയാണ്. പ്രാദേശികമാണ് എന്ന് പറഞ്ഞു നിസ്സാരവൽക്കരിക്കുമ്പോൾ മാണി അറിയാതെ ഇതുണ്ടാവില്ല എന്ന് സമൂഹം വിശ്വസിക്കുന്നു. അതുപോലെ എൽ ഡി എഫ് അറിഞ്ഞില്ല എന്ന് സി പി ഐ പറയുന്നത് ശരിയാകാം. എന്നാൽ സി പി എമ്മിന്‍റെ ജില്ലാ കമ്മറ്റിയും സംസ്ഥാനക്കമ്മിറ്റിയും ഇതറിഞ്ഞില്ല എന്ന് അരിയാഹാരം കഴിക്കുന്ന ഒരുവനും കരുതില്ല.

കുതിരക്കച്ചവടത്തിലൂടെ ഇനിയുള്ള നാളുകളിൽ ഇത്തരം 'കുതിരവേലി'മാർ അധികാരത്തിൽ വരുന്നത് ജനാധിപത്യ കേരളത്തിന് ഭൂഷണമല്ലെന്നേ ഇവിടെ പറയാനുള്ളു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.7K