21 April, 2017 11:10:50 AM


മദ്യനിയന്ത്രണം മയക്കുമരുന്ന് ലോബിക്ക് വേണ്ടിയോ? മദ്യനയത്തില്‍ മാറ്റം വരുമോ?



മദ്യശാലകളുടെ നിയന്ത്രണത്തെ തുടര്‍ന്ന് ഉളവായിട്ടുള്ള മയക്കുമരുന്നിന്‍റെ ഉപയോഗത്തെക്കുറിച്ച് എക്സൈസ് കമ്മീഷണര്‍ നല്‍കുന്ന വിവരങ്ങള്‍ കേരളസമൂഹത്തെ ഭീതിപ്പെടുത്തുന്നതാണ്. ആധികാരികമല്ലെന്നു സൂചിപ്പിച്ചുകൊണ്ട് വ്യക്തമാക്കിയത് കുറ്റകൃത്യങ്ങളുടെ കണക്കുകള്‍ ചൂണ്ടിക്കാട്ടിയാണ്. 


ലഹരിപദാര്‍ത്ഥങ്ങളില്‍ താരതമ്യ‌േന നിരുപദ്രവമാണ് മദ്യം. കൂടുതല്‍ ഉപയോഗിക്കുന്നതിലൂടെ ഉപയോക്താവ് ഉറങ്ങിപ്പോകുകയാണ് ചെയ്യുന്നത്. എന്നാല്‍ മയക്കുമരുന്നുകളാവട്ടെ ഉപയോക്താവിനെ തികച്ചും ഭ്രാന്തവും വിവേകരഹിതവുമായ പ്രവൃത്തികള്‍ചെയ്യിക്കുന്നു.


നമ്മുടെ മൂല്യങ്ങളെ പാടേ നിരസിക്കുന്നതരത്തിലുള്ള ഭ്രമാത്മകകല്‍പ്പനകള്‍ അതുണര്‍ത്തുന്നു. ബോധമെന്നത് തരിമ്പും ഇല്ലാതാകുക മാത്രമല്ല, അത് ഉപബോധമനസ്സിലെ അടച്ചുപൂട്ടിയ വിചിത്രകാമനകളെ തുറന്നുവിടുകയുംചെയ്യുന്നു. മദ്യത്തേക്കാള്‍  എളുപ്പത്തില്‍  ഉപയോഗിക്കാന്‍ കഴിയുന്നു എന്നതാണ് കഞ്ചാവ് തുടങ്ങിയ മയക്കുമരുന്നുകളുടെ പ്രത്യേകത. മദ്യപാനിയെപ്പോലെ പെട്ടെന്നു തിരിച്ചറിയാന്‍ പാടാണ്. അമിതമദ്യപാനം  മനുഷ്യനെ ഉറക്കുമെങ്കില്‍ മയക്കുമരുന്ന് അതിന്‍റെ പേരു സൂചിപ്പിക്കുന്നതുപോലെ മയക്കുകയേ ഉള്ളൂ. ആ മയക്കത്തില്‍ ഒരാള്‍ ചെയ്തുകൂട്ടുന്നതെന്തൊക്കെയെന്ന് ഊഹിക്കാന്‍പോലും കഴിയില്ല.


ജനങ്ങളുടേതെന്നു പറയുന്നൊരു സര്‍ക്കാര്‍ വളരെ ശ്രദ്ധയോടെ വേണം ഇത്തരുണത്തില്‍ ഒരു മദ്യനയം രൂപീകരിക്കാന്‍. തികച്ചും യാഥാര്‍ത്ഥ്യബോധത്തോടെയുള്ള പ്രായോഗികസമീപനം സ്വീകരിക്കാന്‍. സമൂഹത്തില്‍ മദ്യം ഉപയോഗിക്കുന്നവര്‍ ഏറെയുണ്ടെന്നും അവര്‍ക്കും ജനാധിപത്യപരമായ അവകാശങ്ങളുണ്ടെന്നും സര്‍ക്കാര്‍ ഓര്‍ക്കണം.


മതമെന്ന നിലയില്‍ ക്രൈസ്തവര്‍ മാത്രമാണ് മദ്യനിരോധനത്തിന്‍റെ വക്താക്കളായി ശക്തമായി മുന്നോട്ടു വന്നിട്ടുള്ളത്. ഇതരമതക്കാരോ ഭൂരിപക്ഷം ജനങ്ങളോ അതിനെ അത്രകണ്ട് എതിര്‍ക്കുന്നില്ല. അപ്പോള്‍ ഒരു ന്യൂനപക്ഷത്തിന്‍റെ പ്രീതിക്കുവേണ്ടി വികലവും ദൂരവ്യാപകമായ ദുരന്തംവിതയ്ക്കുന്നതുമായ് ഒരു മദ്യനയം സര്‍ക്കാര്‍ പ്രഖ്യാപിക്കരുത്.

ഇക്കാര്യത്തില്‍ സര്‍ക്കാര്‍ പ്രായോഗികബുദ്ധികൈക്കൊള്ളുമെന്നുതന്നെ പ്രത്യാശിക്കാം.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.8K