22 January, 2016 01:26:43 PM


ഒരു സംസ്കാരത്തിന്റെ പ്രതീകമായ മൺപാത്രനിർമ്മാണം മൺമറയുന്നുകെ.ജി രഞ്ജിത്ത്


കോട്ടയം : ഒരു കാലഘട്ടത്തിന്റെ തൊഴിൽ പെരുമയും,സംസ്കാരവുമായിരുന്ന കേരളത്തിലെ മൺപാത്ര നിർമാണംഅന്യാധീനപ്പെടുന്നു. മുൻകാലത്ത് ഒരു സമുദായത്തിന്റെ ഉപജീവനമാർഗ്ഗവും, കുലത്തൊഴിലുമായിരുന്ന മൺപാത്ര നിർമ്മാണം പ്രതിസന്ധിയിലായതോടെ ആയിരക്കണക്കിന് തൊഴിലാളികളാണ് മറ്റ് മേഖലകളിലേയ്ക്ക് തിരിഞ്ഞത്. 


പുത്തൻ സാങ്കേതിക വിദ്യയുടെ കടന്നുകയറ്റവും,പുതുതലമുറയുടെ നിസംഗതയുമാണ് മൺപാത്രനിർമ്മാണരംഗത്തെ ദേഷകരമായി ബാധിച്ചത്. ഒരു സംസ്കാരത്തിന്റെ പ്രതീകമായി നില കൊണ്ടിരുന്ന മൺപാത്രനിർമ്മാണമാണ് ഇന്ന് അധികൃതരുടെ അവഗണനമൂലം പ്രതിസന്ധിയിലായിരിക്കുന്നത്. ചെയ്യുന്ന ജോലിയ്ക്കനുസരിച്ച് കൂലിയോ,സർക്കാർ തലങ്ങളിൽ നിന്നുള്ള സഹായമോ ലഭിക്കാത്തത് മൂലം കേരളത്തിൽ മൺ പാത്ര നിർമ്മാണം ഏതാണ്ട് മന്ദീഭവിച്ച നിലയിലാണ്. 


ഗ്യാസ് അടുപ്പുകളുടെ രംഗപ്രവേശവുമാണ് അലുമിനിയം, സ്റ്റീൽ, നോൺസ്റ്റിക് പാത്രങ്ങൾ അടുക്കള കൈയ്യടക്കിയതോടെയാണ് ആയിരക്കണക്കിനു മൺപാത്ര നിർമാണ തൊഴിലാളികളുടെഉപജീവനമാർഗ്ഗം പെരുവഴിയിലായത്.  മുമ്പ് ചട്ടിയും കലവുമെല്ലാം വിറ്റിരുന്ന മേളകളും ചന്തകളുമെല്ലാം ഇന്ന് ഉത്സവപറമ്പുകളിൽ പോലും അപൂർവമായി. കുലത്തൊഴിൽ പെരുമ സൂക്ഷിക്കുന്ന പല കുടുംബങ്ങളും ഇതോടെ പട്ടിണിയിലുമായി.

 
ഇന്ന്   വിരലിലെണ്ണാവുന്നവർ മാത്രമാണ് കുലത്തൊഴിൽ നിലനിർത്താനെന്ന നിലയിൽ മൺപാത്ര നിർമ്മാണത്തിലേർപ്പെട്ടിരിക്കുന്നത്. വൈക്കം താലൂക്കിലെ വൈക്കപ്രയാറിലും, ഏറ്റുമാനൂർ,ചുങ്കം തുടങ്ങിയ സ്ഥലങ്ങളിലാണ് സാധാരണ ഗതിയിൽ മൺപാത്ര നിർമ്മാണം ഉള്ളത്. പഴയത് പോലുള്ള പാത്രനിർമ്മാണങ്ങൾ ഇന്നില്ലെന്ന് തന്നെ പറയാം.മൺചിരാത്,മൂടക്കലം,കുടുക്ക,ചെടിച്ചട്ടി,കൂജ തുടങ്ങിയവയുടെ നിർമ്മാണമാണ് ഇന്നുള്ളത്. 
പെട്ടെന്ന് തകർന്നു പോകുന്നതിനാൽ ചെടിച്ചട്ടികളുടെ നിർമ്മാണം കോൺക്രീറ്റിലേയ്ക്ക് മാറിയതോടെ വ്യാപാര അടിസ്ഥാനത്തിലുള്ള നിർമ്മാണം പ്രതിസന്ധിയിലായി. പരമ്പരാഗതമായി ലഭിച്ച തൊഴിലെ തള്ളിക്കളയാൻ മനസുവരാത്തതാണ് ഇവരെ ഇപ്പോഴും ഈ രംഗത്ത് ഉറച്ചുനിൽക്കാൻ പ്രേരിപ്പിക്കുന്നത്.കാര്യമായ ലാഭം ലഭിക്കാത്തതിനാൽ പുതുതലമുറകുലത്തൊഴിനെപ്പോലും തള്ളിപ്പറയാൻ കാരണമായി. ഗ്യാസ് അടുപ്പുകളിൽ മൺപാത്രങ്ങൾ വയ്ക്കുന്നത് ചെലവുകൂടുമെന്നത് അടുക്കളയിൽ നിന്ന് ഇവ അപ്രത്യക്ഷമാകാൻ കാരണമായി. 


മൺപാത്ര ഉപയോഗം കുറഞ്ഞതും മണ്ണിന്റെ ദൗർലഭ്യവും പാത്രങ്ങൾ ചുട്ടെടുക്കാനുള്ള വിറകിന് വിലകൂടിയതും മൺപാത്ര നിർമ്മാണത്തെ നഷ്ടക്കച്ചവടമാക്കിയെന്നാണ് തൊഴിലാളികൾ സങ്കടം പറയുന്നത്. കളിമണ്ണ് ലഭിക്കാൻ കടുത്ത പ്രയാസം വന്നതോടെ പല കുടുംബങ്ങളും രംഗം വിട്ടു.കളി മണ്ണ് അരിഞ്ഞ് കല്ലും കട്ടയുമൊക്കെ നീക്കി പാകമാക്കിയാണ് മൺപാത്രം ഉണ്ടാക്കുന്നത്. പഴയതുപോലുള്ള കളിമണ്ണ് കിട്ടാനില്ലാത്തതും,ചെയ്യുന്ന ജോലിക്ക് അർഹമായ കൂലിയില്ലാത്തതുമാണ് പ്രതിസ്ന്ധിക്ക് കാരണം. 


വയലുകളിൽ നിന്ന് അഞ്ച് അടിയോളം മേൽ മണ്ണ് നീക്കം ചെയ്തെങ്കിൽ മാത്രമേ കളിമണ്ണ് ലഭിക്കുകയുള്ളൂ.തന്നെയുമല്ല കുഴിച്ചെടുത്ത കുഴി പുറത്ത് നിന്ന് മണ്ണ് കൊണ്ടുവന്ന് നികത്തുകയും വേണം. ഇതിനിടയിൽ റവന്യു അധികൃതരും പരിസ്ഥിതി വാദികളും തടസ്സം നിൽക്കുകയും ചെയ്യും. മൺപാത്രം നിർമ്മാണത്തിന് തരിവണ്ണം കുറഞ്ഞ മണലാണ് ആവശ്യം.  കളിമൺ പാത്രങ്ങൾ ചൂളയിൽ വേവിക്കാൻ ചകിരി, വൈയ്ക്കോൽ എന്നിവയും വേണം. വൈയ്ക്കോലിന് അനുദിനം വില കുതിച്ചു കയറുകയാണ്. മണ്ണു കുഴച്ച് ചക്രത്തിൽ വച്ച് പാത്രത്തിന്റെ ആകൃതി വരുത്തി വെയിലത്ത് ഉണക്കി പതംവരുത്തിയതിനു ശേഷമാണ് മൺപാത്രം ചുട്ടെടുക്കുന്നത്.ഈ ശ്രമകരമായ ജോലിക്ക് ശേഷം രൂപപ്പെടുന്ന പാത്രങ്ങൾ വിപണിയിലെത്തുമ്പോൾ കർഷകരെ നിശാപ്പെടുത്തുന്ന കൂലി മാത്രമാണ് വ്യാപാരികൾ നൽകുന്നത്. മൺചിരാതുകൾ നിർമ്മിക്കാൻ ദിവസങ്ങളോളം നീളുന്ന ജോലി ആവശ്യമാണ് ഇത്തരത്തിൽ പണി തീർക്കുന്നവയ്ക്ക് ഒരു രൂപയിൽ കൂടുതൽ ഇടനിലക്കാർ നൽകുന്നില്ലെന്നും ഇവർ തങ്ങളെ കൊള്ളയടിക്കുന്ന നിലപാടാണെന്നും തൊഴിലാളികൾ സങ്കടം പറയുന്നു.കൂടാതെ ഇടനിലക്കാരില്ലാതെ മൺപാത്രങ്ങൾ വിറ്റഴിക്കുന്നതും ശ്രമകരമാണ്. പണ്ട് മൺപാത്രങ്ങൾ വിറ്റഴിക്കാൻ മൺപാത്ര വ്യവസായ സഹകരണസംഘങ്ങൾ ഉണ്ടായിരുന്നു. സംഘം പ്രവർത്തിച്ചിരുന്നപ്പോൾ മൺപാത്രങ്ങൾക്കു മെച്ചപ്പെട്ട വില ലഭിച്ചിരുന്നു. അക്കാലത്ത് വിപണനത്തിനും ബുദ്ധിമുട്ടില്ലായിരുന്നു. നിർമാണത്തിനാവശ്യമായ മണ്ണും വിറകും സംഘങ്ങൾ ലഭ്യമാക്കിയിരുന്നു. മാത്രമല്ല, സാമ്പത്തിക സഹായവും ലഭിച്ചിരുന്നു.എന്നാൽ കോട്ടയം ജില്ലയില്‍ ഇന്ന് കട്ടച്ചിറ വൈക്കം, തുടങ്ങിയ സ്ഥലങ്ങളിൽ വിരലിലൊണ്ണാവുന്ന സഹകരണ സംഘങ്ങൾ മാത്രമേ ഉള്ളൂവെന്ന് മൺ പാത്ര നിർമ്മാണ സമുദായ സഭ കോട്ടയം ജില്ലാ സെക്രട്ടറിയായ സനീഷ് ഗോപി പറഞ്ഞു. 


മൺപാത്രങ്ങൾക്ക് നല്ല വില ലഭിക്കാത്തതും വ്യവസായത്തിന്റെ പ്രതിസന്ധിക്ക് ആക്കംകൂട്ടി. മൺ പാത്ര നിർമ്മാണ മേഖലയെ രക്ഷിക്കാൻ സർക്കാരോ,തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോ മുന്നോട്ട് വരണമെന്നുംഒരു സംസ്കാരത്തിന്റെ തന്നെ പ്രതീകമായ മൺപാത്ര നിർമ്മാണത്തെ പ്രോത്സാഹിപ്പിക്കണെന്നും അദ്ദേഹം പറയുന്നു. സർക്കാർ അടിയന്തരമായി മൺപാത്രാനിർമ്മാണ തൊഴിലാളികളുടെ പ്രശ്നത്തിൽ ഇടപെട്ടില്ലെങ്കിൽ ഈ തൊഴിൽ തന്നെ കേരളത്തിൽ നിന്ന് അന്യമാകുമെന്നതിൽ സംശയമില്ലെന്ന് തന്നെയാണ് തൊഴിലാളികളുടെയും അഭിപ്രായം 
Share this News Now:
  • Google+
Like(s): 9K